'മാലാഖ'ക്ക് ഇനിയാ സ്നേഹ പ്രഭാഷകനെ കാണാനാവില്ല...

അരീക്കോട്: തിങ്ങിനിറഞ്ഞ കുട്ടികൾക്കിടയിലേക്ക് വലിയ മീശയും ശരീരവുമായി മുഖം നിറയെ ചിരിയുമായി കഴിഞ്ഞ ജനുവരിയിൽ ഡോ. ഡി. ബാബുപോൾ വന്നപ്പോൾ അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ സ്കൂളിലെ കുട്ടികളിൽ നിറഞ്ഞത് കൗതുകമായിരുന്നു. സ്നേഹവും അറിവും നിറഞ്ഞ പ്രസംഗം മുറുകിയപ്പോൾ അവരെല്ലാം പ്രഭാഷണകലയിലെ ആചാര്യൻെറ ആരാധകരായി. സിവിൽ സർവിസ് ഉൾപ്പെടെ ഉന്നത മത്സരപരീക്ഷകൾ ലക്ഷ്യമിടുന്നവർക്കായി ആരംഭിച്ച ആസ്പയർ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ. അഞ്ചാം ക്ലാസിൽ ആരംഭിച്ച് പത്താം ക്ലാസ് വരെ തുടർച്ചയായി ആറുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ. പദ്ധതിക്ക് തയാറാക്കിയ കരിക്കുലം വിശദമായി പരിശോധിച്ച് വിശദാംശങ്ങൾ തിരക്കി പ്രത്യേകം ആകൃഷ്ടനായാണ് അനാരോഗ്യം വകവെക്കാതെ പദ്ധതി ഉദ്ഘാടനത്തിന് 'ഈ അദ്ഭുത കലാലയത്തിലേക്ക് ഞാൻ എത്തിച്ചേരും' എന്ന് അദ്ദേഹം അറിയിച്ചത്. ചടങ്ങിനിടയിൽ തൻെറയടുത്തേക്ക് സംശയവുമായി വന്ന നിയ എന്ന കുട്ടിയെ അടുത്ത് വിളിച്ച് 'മാലാഖ'എന്നാണദ്ദേഹം സംബോധനം ചെയ്തത്. ഒരു വിദ്യാലയത്തിൻെറ മുഴുവൻ ഹൃദയസ്പന്ദനങ്ങളുമേറ്റുവാങ്ങിയാണ് ബാബുപോൾ അന്ന് സ്കൂൾ വിട്ടത്. തന്നെ മാലാഖ എന്നു വിളിച്ചതിലെ സന്തോഷമറിയിച്ച് അഞ്ചാം ക്ലാസുകാരി നിയ ബാബു പോളിന് കത്തയച്ചു. ഒരിക്കൽ കൂടി സ്കൂളിലെത്താനും ക്ഷണിച്ചു. എല്ലാവരേയും ഞെട്ടിച്ച് ബാബുപോൾ നിയക്ക് മറുപടി അയച്ചു. 'വയസ്സ് 78 ആയില്ലെ, ആരോഗ്യം വല്യ കുഴപ്പമില്ലെങ്കിലും പണ്ടേ പോലെ ശൗര്യമില്ലെന്നും ഇനി അവിടെ വരാനാവുമെന്ന് തോന്നുന്നില്ലെന്നും മാലാഖ നന്നായി പഠിക്കണമെന്നും എഴുതിയിരുന്നു. എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഹ്ലാദത്തിമിർപ്പിൽ ആയിരുന്നു ഈ കൊച്ചുമിടുക്കി. എന്നാൽ, തന്നെ 'മാലാഖ' എന്ന് വിളിച്ച ബാബുപോളിൻെറ മരണം ഈ കുട്ടിക്കും അന്നദ്ദേഹത്തിൻെറ കൂടെ കളി ചിരി പറഞ്ഞിരുന്ന മറ്റു കുട്ടികൾക്കും വലിയ ദുഃഖമാണ് നൽകിയത്. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഓട്ടോ ഡ്രൈവർ ജാഫറിൻെറ മകളാണ് നിയ. ഫോട്ടോ .. 1 ഡോ. ബാബുപോൾ നിയക്കെഴുതിയ കത്ത് (2) നിയ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.