കുഴൽമന്ദം: ഒന്നാം വിള നെല്ല് സംഭരണം ഈ മാസം 21ന് ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി. നെല്ല് സംഭരണത്തിനായി ഇതുവരെ ഓൺലൈനായി 22,000 കർഷകർ രജിസ്റ്റർ ചെയ്തു. ഈ വർഷവും സംഭരണ ചുമതല സപ്ലൈകോക്ക് തന്നെയാണ്. പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകരുടെ വിളയുടെ ബാക്കി സപ്ലൈകോ ഏറ്റെടുക്കും. കഴിഞ്ഞ ദിവസം എറണാകുളത്ത് സപ്ലൈകോയുടെ നേതൃത്വത്തിൽ ഇതിനുള്ള മുന്നൊരുക്കം നടത്താൻ യോഗം നടന്നു. ഒക്ടോബർ ഒന്നു മുതലാണ് സംഭരണം സാധാരണ ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം പ്രളയസാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ 21 മുതൽ സംഭരണം ആരംഭിക്കാനും തീരുമാനമായി. ജില്ലയിൽ ഈ സീസൺ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സംഭരണം പ്രാഥമിക സംഘങ്ങളെ ഏൽപിക്കാനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ മുന്നൊരുക്കം നടത്താൻ കഴിയാത്തതിനാലാണ് തീരുമാനം മാറ്റിയത്. അതേസമയം ജില്ല സഹകരണ ബാങ്കിൽ മുഴുവൻ കർഷകരോടും അക്കൗണ്ട് തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നെല്ല് സംഭരണം കഴിഞ്ഞ ഉടൻ കർഷകർക്ക് സംഭരണ തുക ലഭ്യമാക്കാനാണ് നടപടി. ഭാഗികമായി കൃഷി നശിച്ച കർഷകരിൽനിന്ന് നാശം വന്നതിെൻറ ബാക്കി സംഭരിക്കും. വിളവടുപ്പിന് പാകമായ പാടശേഖരങ്ങൾക്ക് മുൻഗണന നൽകി ഇവ പരിശോധിച്ച് കഴിയുന്നത്ര വേഗത്തിൽ സപ്ലൈകോയിൽ എത്തിക്കാനും കൃഷി ഓഫിസർമാർക്ക് നിർദേശമുണ്ട്. ജില്ലയിൽ ഏകദേശം 30,000 ഹെക്ടറിലാണ് ഒന്നാം വിള നെൽകൃഷിയിറക്കിയത്. ഇതിൽ 10,000 ഹെക്ടർ പ്രളയക്കെടുതിയിൽ നശിച്ചതായാണ് പ്രാഥമിക കണക്ക്. അതോെടാപ്പം ബാക്കിയുള്ള പാടശേഖരങ്ങളിൽ ഓല കരിച്ചിൽ ബാധിച്ചത് കർഷകർക്ക് ഇരട്ടി പ്രഹരമാണ് ഉണ്ടായത്. ഓല കരിച്ചിൽ ബാധിച്ച പാടശേഖരങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.