പാലക്കാട്: ജില്ലയിൽ ദുരിതാശ്വാസ കിറ്റ് വിതരണം പൂർത്തിയായതായി താലൂക്ക് ഓഫിസർമാർ അറിയിച്ചു. പ്രളയക്കെടുതിയിൽ വലഞ്ഞവർക്ക് ആശ്വാസമായി ജില്ലയിൽ വിതരണം ചെയ്തത് അവശ്യസാധനങ്ങളടങ്ങിയ ഇരുപതിനായിരത്തിലേറെ കിറ്റുകളാണ്. ജില്ലയിലെ ആറു താലൂക്കുകളിലായുള്ള പ്രളയബാധിത വില്ലേജുകളിലെ കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, പാത്രങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ വില്ലേജ് ഓഫിസർമാർ മുഖേനയാണ് വിതരണം ചെയ്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് പാലക്കാട് താലൂക്കിലാണ്. ഒറ്റപ്പാലം താലൂക്കിൽ 24 വില്ലേജുകളിലായി 4250 കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിനു പുറമെ 11 ദുരിതാശ്വാസ ക്യാമ്പുകളിൽ പത്തിലും സമൂഹ അടുക്കളകളും നടത്തിയിരുന്നു. പട്ടാമ്പി താലൂക്കിൽ 1477 കിറ്റുകളും ആലത്തൂർ താലൂക്കിൽ 2774 കിറ്റുകളും മണ്ണാർക്കാട് താലൂക്കിൽ 657 കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. നെല്ലിയാമ്പതിയിൽ അടക്കം ചിറ്റൂർ താലൂക്കിൽ 2559 കിറ്റുകളാണ് വിതരണം ചെയ്തത്. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടതിനാൽ 38 കേന്ദ്രങ്ങളിലായി സാമൂഹിക അടുക്കളകൾ സംഘടിപ്പിച്ചിരുന്നു. 16 പ്രളയബാധിത വില്ലേജുകളാണ് ചിറ്റൂർ താലൂക്കിലുള്ളത്. കുടിവെള്ള പ്രശ്നം: ജില്ലതല വാട്ടർ ടീം രൂപവത്കരിച്ചു പാലക്കാട്: പ്രളായനന്തരം ജില്ലയിലെ അവശേഷിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കേരള ജല അതോറിറ്റി എക്സി. എൻജിനീയർ നോഡൽ ഓഫിസറായി ജില്ലതല വാട്ടർ ടീം രൂപവത്കരിച്ചതായി ജില്ല കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ല കലക്ടറേറ്റിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും കാര്യാലയത്തിലെ ഓരോ ജൂനിയർ സൂപ്രണ്ടുമാർ ഈ ടീമിലെ അംഗങ്ങളാണ്. പെരുമാട്ടി പമ്പ് ഹൗസിലെ മോട്ടോർ പുകഞ്ഞതിനെ തുടർന്ന് വണ്ടിത്താവളം ഭാഗത്തുണ്ടായ കുടിവെള്ള പ്രശ്നം മോട്ടോർ നന്നാക്കി പുനഃസ്ഥാപിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് വാട്ടർ ടാങ്ക് പരിസരങ്ങളിൽ കോരയാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് കിണറുകളിൽ മലിനജലം കലർന്നത് പരിഹരിക്കാൻ പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്കും വാട്ടർ ക്വാളിറ്റി കൺേട്രാളർ അസിസ്റ്റൻറ് എൻജിനീയർക്കും നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. ജില്ലയിൽ പ്രളയത്തെ തുടർന്നുണ്ടായ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ 9447514669 (വാട്ടർ അതോറിറ്റി പാലക്കാട് സൂപ്രണ്ടിങ് എൻജിനീയർ), 9142021780 (കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ട്), 9447360881 (ഡി.ഡി.പി ഓഫിസ് ജൂനിയർ സൂപ്രണ്ട്) എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.