വള്ളിക്കുന്ന്: പ്രളയത്തിൽ കുടുങ്ങിയ മനുഷ്യജീവനുകളെ ആരുടെയും നിർദേശംപോലും ഇല്ലാതെ രക്ഷിക്കാൻ ഇറങ്ങിയ മത്സ്യതൊഴിലാളികളോട് അവഗണനയെന്ന് ആക്ഷേപം. വള്ളിക്കുന്ന് കടലുണ്ടി നഗരം മുതൽ ചെട്ടിപ്പടി വരെയുള്ള 113ഓളം മത്സ്യതൊഴിലാളികളെയാണ് ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ അവഗണിച്ചത്. പരപ്പനങ്ങാടി, ഉള്ളണം, പുത്തരിക്കൽ, പാലത്തിങ്ങൽ, വേങ്ങര വലിയോറ തുടങ്ങിയ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത് ഇവിടെയുള്ള മൽസ്യതൊഴിലാളികളാണ്. ആരും ക്ഷണിക്കാതെയാണ് കെ.പി. ഹനീഫ, കെ.പി. റഷീദ്, കെ.പി. കോയമോൻ, ഫാറൂഖ്, കെ.പി. ഹാരിസ്, കെ.പി. ഇഖ്ബാൽ, റഷീദ് ആറാഫത്ത്, കെ.ടി. നൗഷാദ്, വി.പി. റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള മൽസ്യതൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിതിരിച്ചത്. തങ്ങളുടെ കൈവശമുള്ള മൽസ്യബന്ധന വള്ളങ്ങളും ചെറുബോട്ടുകളുംകൊണ്ട് ഇവർ നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. പൊലീസ് നിർദേശം ലഭിക്കുന്നതിന് മുമ്പ് ഇറങ്ങിതിരിച്ച ഇവർ ആദരവോ ഉപഹാരങ്ങളോ ലഭിക്കുന്നതിന് വേണ്ടിയല്ല രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കാൻ വിളിച്ചുചേർത്ത ചടങ്ങിൽപോലും തങ്ങളെ വിളിക്കാത്തത് പ്രയാസമുണ്ടാക്കിയതായി ഇവർ പറഞ്ഞു. ഇവരിൽ ഒരാൾ എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരും ഒന്നും തന്നില്ലെങ്കിലും ഇനിയും ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്താൻ തങ്ങൾ മുന്നിലുണ്ടാവുമെന്ന് ഇവർ പറഞ്ഞു. ഫോട്ടോ. വള്ളിക്കുന്നിൽനിന്ന് രക്ഷാപ്രവർത്തനത്തിന് പോയ മത്സ്യതൊഴിലാളികൾ ആനങ്ങാടി ബീച്ചിൽ ഒത്തുകൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.