ചമ്പക്കുളത്ത്​ ആം​ബു​ല​ൻ​സ് പൊട്ടിത്തെറിച്ചു; രോ​ഗി മ​രി​ച്ചു

കുട്ടനാട് (ആലപ്പുഴ): നെഞ്ചുവേദനയുണ്ടായ രോഗിയുമായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയ 108 ആംബുലൻസ് തീപിടിച്ച് പൊട്ടിത്തെറിച്ചു. രോഗിയെ രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണപ്പെട്ടു. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. നെടുമുടി പഞ്ചായത്ത് 11ാം വാർഡ് നടുഭാഗം വട്ടപുള്ളിത്തറ വീട്ടിൽ മോഹനൻകുട്ടി നായരാണ് (67) മരിച്ചത്. ആംബുലൻസിലെ മെയിൽ നഴ്സ് സെയ്ഫുദ്ദീൻ, സമീപത്തെ കടയുടമ ആൻറണി സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറോടെ ചമ്പക്കുളം ഗവ. ആശുപത്രി വളപ്പിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവമറിഞ്ഞ് കലക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ,‌ ഡിവൈ.എസ്.പി പി.വി. ബേബി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാർ, കുട്ടനാട് തഹസിൽദാർ ആൻറണി സ്കറിയ എന്നിവർ സംഭവസ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈകീട്ട് 5.30ഒാടെ കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി ഓട്ടോറിക്ഷയിലെത്തിച്ച മോഹനൻകുട്ടി നായരെ രോഗം കലശലായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വരുത്തി അതിൽ കയറ്റി ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കവെ പൊടുന്നനെ ആംബുലൻസിന് തീപിടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്നവർ ഉടൻ രക്ഷപ്പെട്ട് പുറത്തെത്തുകയും രോഗിെയ മറ്റൊരു വാഹനത്തിൽ കയറ്റി എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയുമായിരുന്നു. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഓക്സിജൻ സിലിണ്ടറിൽനിന്നുള്ള സ്പാർക്കിങ്ങാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് നെടുമുടി എസ്.ഐ എസ്. സന്തോഷ് കുമാർ പറഞ്ഞു. വിശദമായ അന്വേഷണത്തിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ. സരളമ്മയാണ് മരിച്ച മോഹനൻകുട്ടി നായരുടെ ഭാര്യ. മക്കൾ: പ്രമോദ്, പ്രശാന്ത്. മരുമക്കൾ: ലക്ഷ്മി, ശബ്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.