മലപ്പുറം ഗവ. കോളജിൽ വിദ്യാർഥി സംഘട്ടനം; ഒമ്പതുപേർക്ക് പരിക്ക്

യൂനിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞക്കിടെയാണ് എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടിയത് മലപ്പുറം: യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ഗവ. കോളജിൽ നിലനിന്ന സംഘർഷാവസ്ഥ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘട്ടനത്തിൽ കലാശിച്ചു. യൂനിയൻ ചെയർമാനടക്കം നാല് എം.എസ്.എഫ് പ്രവർത്തകർക്കും അഞ്ച് എസ്.എഫ്.ഐക്കാർക്കും പരിക്കുണ്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കാനിരിക്കെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികളെ പ്രിൻസിപ്പൽ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇവർ എസ്.എഫ്.ഐ പ്രവർത്തകരാണ്. യൂനിയൻ ഭരണം എം.എസ്.എഫ് തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞദിവസവും നേരിയ തോതിൽ സംഘർഷമുണ്ടായി. സത്യപ്രതിജ്ഞ ആരംഭിക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കുറേനേരം കഴിഞ്ഞാണ് എത്തിയത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ അടിച്ചോടിച്ചത്. ഉച്ചക്ക് കാമ്പസിന് പുറത്ത് റോഡിൽവെച്ചും സംഘട്ടനമുണ്ടായി. ചെയർമാൻ പി.പി. ഷംസീറുല്‍ഹഖ്, വി.കെ. ഉമറലി, എം.പി. സഫ്‌വാൻ, ഇ.കെ. ഷെഫീഖ് എന്നിവരാണ് പരിക്കേറ്റ എം.എസ്.എഫുകാർ. ഇവരെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കി​െൻറ എല്ല് പൊട്ടിയ ഉമറലിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്.എഫ്.ഐ പ്രവർത്തകരായ ജില്ല വൈസ് പ്രസിഡൻറ് ഹരികൃഷ്ണപാൽ, മുർഷിദ് റിസ്വാൻ, ഗോകുൽ രാജ്, എം.പി. പ്രണവ്, എം. ബിബിനേഷ് എന്നിവർ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മുര്‍ഷിദ് റിസ്‌വാൻ, ഗോകുല്‍രാജ്, സിധുല്‍രാജ്, ശരണ്‍കുമാര്‍, ജിഷ്ണു എന്നിവരെയാണ് അധ്യാപകരുടെ അടിയന്തര കൗണ്‍സില്‍ യോഗം സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് ഇരുഭാഗത്തി​െൻറയും മൊഴിയെടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് അലങ്കോലമാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവർത്തകർ പ്രിന്‍സിപ്പലി​െൻറ ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളെ കൂട്ടുപിടിച്ച് എം.എസ്.എഫ് അക്രമം നടത്തുകയായിരുന്നെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി ആരോപിച്ചു. ലീഗ് നേതാക്കൾക്കും എം.എസ്.എഫുകാർക്കുമെതിരെ ഇവർ പൊലീസില്‍ പരാതി നല്‍കി. സമാധാനാന്തരീക്ഷത്തില്‍ മുന്നോട്ടുപോകുന്ന കാമ്പസില്‍ അക്രമം നടത്തി മേധാവിത്തം നേടാനുള്ള എസ്.എഫ്.ഐ ശ്രമം വിലപ്പോകില്ലെന്ന് എം.എസ്.എഫ് കോളജ് യൂനിറ്റ് കമ്മിറ്റി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.