ക്വാറികൾക്ക്​ പ്രവർത്തനാനുമതി; 24 മണിക്കൂറിനുള്ളിൽ രണ്ട്​ ഉത്തരവുകൾ

ആദ്യ ഉത്തരവിൽ 18 വില്ലേജുണ്ടായിരുന്നത് 11 ആയി ചുരുങ്ങി മലപ്പുറം: കാലവർഷക്കെടുതിയെ തുടർന്ന് ജില്ലയിൽ പ്രവർത്തനം നിർത്തിവെച്ച ക്വാറികൾക്ക് ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ രണ്ട് ഉത്തരവുകൾ. തിങ്കളാഴ്ച ഇറങ്ങിയ ഉത്തരവിൽ നാല് താലൂക്കുകളിൽ നിന്നായി 18 വില്ലേജുകളിൽ ക്വാറികളുടെ പ്രവർത്തനത്തിനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച മാറ്റി ഇറങ്ങിയ ഉത്തരവിൽ ഇത് മൂന്ന് താലൂക്കുകളിൽ നിന്ന് 11 ആയി ചുരുങ്ങി. ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് വേണ്ടി കലക്ടറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കനത്ത കാലവർഷത്തെയും വ്യാപകമായ മണ്ണിടിച്ചിലിനെയും തുടർന്ന് ആഗസ്റ്റ് 17 മുതൽ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഇത് പിൻവലിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ഉത്തരവ് ഇറങ്ങിയത്. ആദ്യഉത്തരവ് പ്രകാരം നിലമ്പൂർ താലൂക്കിലെ കേരള എസ്റ്റേറ്റ്, കാളികാവ്, അമരമ്പലം, കുരുമ്പലങ്ങോട്, ചോക്കോട്, തുവ്വൂർ, അകമ്പാടം, പോത്തുകല്ല്, വഴിക്കടവ് എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ, ഉൗർങ്ങാട്ടിരി, എളങ്കൂർ, കാവന്നൂർ എന്ന വില്ലേജുകളിലും പെരിന്തൽമണ്ണ താലൂക്കിലെ കാര്യവട്ടം, വലമ്പൂർ, അരക്കുപറമ്പ്, കൊണ്ടോട്ടി താലൂക്കിലെ വാഴയൂർ, ചെറുകാവ് എന്നീ വില്ലേജുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഉത്തരവ്. ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു. ചൊവ്വാഴ്ച മാറ്റി ഇറങ്ങിയ പുതിയ ഉത്തരവ് പ്രകാരം നിലമ്പൂർ താലൂക്കിൽ കേരള എസ്റ്റേറ്റ്, കാളികാവ്, കുരുമ്പലങ്ങോട്, കരുവാരകുണ്ട്, അകമ്പാടം എന്നിവിടങ്ങളിലും എറനാട് താലൂക്കിൽ വെറ്റിലപ്പാറ, പെരകമണ്ണ, മഞ്ചേരി എന്നീ വില്ലേജിലും കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി, ചേലമ്പ്ര, പുളിക്കൽ എന്നീ വില്ലേജിലുമാണ് ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇൗ വില്ലേജുകളിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിന് അനുമതി നൽകാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം ജിയോളജിസ്റ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ജില്ലയിലെ ബാക്കിയുള്ള എല്ലാ വില്ലേജുകളിലും നേരത്തെയുണ്ടായിരുന്ന നിയന്ത്രണം ഇതോടെ പിൻവലിച്ചു. എന്നാൽ, ആഗസ്റ്റ് 17ന് മുമ്പ് നിരോധന ഉത്തരവുള്ള ക്വാറികൾക്ക് പുതിയ ഉത്തരവ് ബാധകമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.