മങ്കട: സര്‍വകലാശാല സിന്‍ഡിക്കേറ്റിെൻറ വഴിവിട്ട നിയമന ഉത്തരവിനെതിരെ പ്രതികരിച്ചതിന് പരീക്ഷയില്‍ തോല്‍പ്പിക്കപ്പെടുകയും ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തൊരാൾ പോരാട്ടങ്ങൾകൊണ്ട് നേടിയെടുത്തത് ജീവിതവിജയം. ഇന്ന് കാലിക്കറ്റ് സര്‍വകലാശാല പടിഞ്ഞാറ്റുമുറി ബി.എഡ് സെൻററിെൻറ പ്രിന്‍സിപ്പല്‍ കസേരയിലിരിക്കുന്ന ഗോപാലന്‍ മങ്കടക്ക് ജീവിതം മാറ്റിമറിച്ച ആ ഒരു മാര്‍ക്കിെൻറ ദുരനുഭവങ്ങള്‍ ഏറെ പങ്കുവെക്കാനുണ്ട്. കവി, കലാകാരന്‍ എന്നീ നിലകളില്‍ മികവുതെളിയിച്ച അധ്യാപകെൻറ കഠിനാധ്വാനത്തിെൻറ ഫലങ്ങള്‍ കാണണമെങ്കില്‍ ബി.എഡ് സെൻറര്‍ സന്ദര്‍ശിച്ചാല്‍ മതി. വിജ്ഞാനത്തിെൻറ വലിയൊരു കലവറതന്നെ ഇവിടെ ഗോപാലെൻറ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 1999-2000 ബാച്ചില്‍ എം.എഡിന് പഠിക്കുമ്പോള്‍ സിന്‍ഡിക്കേറ്റ് എടുത്ത തെറ്റായ തീരുമാനത്തിനെതിരെ സമരം നയിച്ചുവെന്ന 'കുറ്റ'മാണ് ഗോപാലനെതിരായ പകപോക്കലിന് കാരണം. കേരളത്തിലെ ഒരു സർവകലാശാലയും അംഗീകരിക്കാത്ത അണ്ണാമലൈ വാഴ്സിറ്റിയുടെ തപാല്‍ എം.എഡ് കോഴ്‌സ് പാസായയാളെ ട്രെയ്നിങ് കോളജില്‍ അധ്യാപകനായി നിയമിച്ചതിനെതിരെയായിരുന്നു സമരം. ഇത് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചു. പിന്മാറാൻ കല്‍പനകളും താക്കീതുകളും വന്നു. സമരം ശക്തമായതിനെ തുടർന്ന് സിന്‍ഡിക്കേറ്റിന് തീരുമാനം തല്‍ക്കാലത്തേക്ക് റദ്ദാക്കേണ്ടിവന്നു. നിയമനം കിട്ടിയിരുന്നയാള്‍ ഹൈകോടതിയിലെത്തി. എതിര്‍വാദങ്ങളുമായി ഗോപാലനും. ഇതിനിടെ, കൂട്ടാളികള്‍ കൂറുമാറി മറ്റൊരു സമരത്തിെൻറ പേരില്‍ ഗോപാലനെ കള്ളക്കേസില്‍ കുടുക്കി. കേസ് നടന്നുകൊണ്ടിരിക്കെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗോപാലന് വടകര ട്രെയിനിങ് സെൻററില്‍ താല്‍ക്കാലിക നിയമനം ലഭിച്ചു. മങ്കടയിലെ കൂലിപ്പണിക്കാരനായിരുന്ന പടുവില്‍ കാരിയുടെയും കാളിയുടെയും മകനായ ഗോപാലൻ സാമൂഹിക പിന്നാക്കാവസ്ഥകളോട് പൊരുതി എം.എയും ബി.എഡും സെറ്റും യു.ജി.സി നെറ്റും കരസ്ഥമാക്കിയിരുന്നു. എം.എഡ് പരീക്ഷഫലം വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി ഗോപാലനടക്കം എട്ടുപേർ പരാജയപ്പെട്ടു. ഒരു മാര്‍ക്ക് കുറവിനാണ് ഗോപാലന്‍ തോറ്റത്. ഇതോടെ ഗോപാലനെ വടകര ട്രെയിനിങ് സെൻറർ പുറത്താക്കി. വിവരമറിഞ്ഞ ഇദ്ദേഹം അവസാനമായി വിദ്യാർഥികള്‍ക്ക് ഒരു ക്ലാസ് കൂടി എടുത്തു. ആ ക്ലാസില്‍ ഗോപാലനൊപ്പം വിദ്യാർഥികളും കരഞ്ഞു. തുടര്‍ന്ന്, ഗോപാലന്‍ ജോലിക്ക് ശ്രമിച്ച സ്ഥപനങ്ങളില്‍നിെന്നല്ലാം 'തഴയല്‍' അനുഭവങ്ങളുണ്ടായി. പിന്നെ നിരാഹാര സമരം, നിയമപോരാട്ടങ്ങൾ. ഒടുവില്‍ അധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്താന്‍ ഹൈകോടതി നിർദേശിച്ചു. ഗോപാലനും മറ്റു ആറുപേരും വിജയിച്ചു. വൈസ് ചാന്‍സലറായിരുന്ന ഡോ. കെ.കെ.എന്‍. കുറുപ്പിെൻറ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ഗോപാലന് അദ്ദേഹത്തിെൻറ ആത്മകഥയില്‍ പരാമര്‍ശം ലഭിക്കാനും ഭാഗ്യമുണ്ടായി. 2012ല്‍ ഡോ. അംബേദ്കര്‍ ദേശീയ അവാര്‍ഡ് നേടിയ 'ഒരുമാര്‍ക്ക്' കവിതാസമാഹാരം ഗോപാലെൻറ ജീവിതാനുഭവങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.