വികസന ക്ഷേമകാര്യ അധ്യക്ഷ രാജിവെച്ചു; അമരമ്പലത്ത് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്​ടമായി

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ വികസന ക്ഷേമകാര്യ അധ്യക്ഷ അനിതരാജു രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സെക്രട്ടറി വി. ശിവദാസൻ നായർ മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്. രണ്ടാം വാര്‍ഡായ ഉപ്പുവള്ളിയില്‍നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായാണ് അനിത വിജയിച്ചത്. 19 വാർഡുകളുള്ള അമരമ്പലം പഞ്ചായത്തിൽ കോൺഗ്രസിന് ഒമ്പതും ലീഗിന് ഒന്നുമടക്കം യു.ഡി.എഫിന് പത്തും, സി.പി.എമ്മിന് ഒമ്പതും സീറ്റുകളാണുള്ളത്. അനിതയുടെ രാജിയോടെ യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാവും. വികസന ക്ഷേമകാര്യ അധ്യക്ഷയെന്ന നിലയില്‍ പഞ്ചായത്തില്‍ മാത്രമല്ല വാർഡിൽ പോലും വികസനപ്രവർത്തനങ്ങൾ നടത്താനുള്ള പരിഗണന ഭരണസമിതി നൽകിയില്ലെന്ന് അനിത പറഞ്ഞു. ബോര്‍ഡ് യോഗങ്ങളിൽ ചില വാർഡ് അംഗങ്ങളിൽനിന്ന് വനിതയെന്ന പരിഗണന പോലും നൽകാതെയുള്ള അവഗണനയുണ്ടായി. ഇവയെല്ലാം കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വികസനപ്രവർത്തനങ്ങൾ വേണ്ടത്ര നടത്താനാകാത്തതി​െൻറ കാരണം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടിയാണ് രാജിയെന്ന് അവർ പറഞ്ഞു. എന്നാല്‍, രാജിക്ക് പിന്നില്‍ ചില പാര്‍ട്ടികളുടെ സമ്മര്‍ദമാണെന്നും ഇതുവരെ ഭരണസംബന്ധമായോ വ്യക്തിപരമായോ ഒരു പരാതിയും രാജിവെച്ച അംഗം ഉന്നയിച്ചിട്ടില്ലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുല്‍ കരീം പറഞ്ഞു. രാജിക്ക് പിന്നില്‍ പറയത്തക്ക കാരണമൊന്നുമില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.