പാലക്കാട്: ജില്ല ആശുപത്രിയിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് നവജാത ശിശുക്കൾക്കും രോഗികൾക്കും അസ്വസ്ഥതയനുഭവപ്പെട്ടതായി പരാതി. പരാതി പറയാനെത്തിയവരോട് ജീവനക്കാർ തട്ടിക്കയറിയതായും ആരോപണമുണ്ട്. ജില്ല ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഇൻസിനേറ്റർ റൂമിൽ നിന്നാണ് പുക ഉയർന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നവജാത ശിശുക്കളാണ് ശ്വാസം മുട്ടി അസ്വസ്ഥത പ്രകടമാക്കിയത്. പരാതി പറയാനെത്തിയ മുടപ്പല്ലൂർ സ്വദേശി കണ്ണൻ, മണ്ണാർക്കാട് സ്വദേശി വിനു എന്നിവരോടാണ് ജീവനക്കാർ മോശമായി പെരുമാറിയതെന്ന് ഇവർ ആരോപിച്ചു. സൂപ്രണ്ട് അവധിയിലായതിനാൽ പരാതി പറയാൻ കഴിഞ്ഞില്ല. പൊതു പ്രവർത്തകരായ എം.എം. കബീർ, ബോബൻ മാട്ടുമന്ത, റാഫി ജൈനിമേട്, പി. സുജിത് എന്നിവർ സ്ഥലത്തെത്തിയപ്പോഴേക്കും ഇൻസിനേറ്റർ മുറിയടച്ച് ജീവനക്കാർ പോയിരുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നാണ് നിയമമെങ്കിലും ജില്ല ആശുപത്രിയിൽ വർഷങ്ങളായി ലംഘിക്കപ്പെടുകയാണെന്ന് ഇവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.