വെളിയങ്കോട് ഗ്രാമപഞ്ചായത്ത്: പ്രസിഡൻറ്,​ വൈസ് പ്രസിഡൻറ്​സ്ഥാനത്തേക്കുള്ള അനിശ്ചിതത്വം തുടരുന്നു

വെളിയങ്കോട്: വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ മുന്നണിധാരണ പ്രകാരം നിലവിലെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെ പുതിയ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള അനിശ്ചിതത്വം തുടരുന്നു. പുതിയ പ്രസിഡൻറ് സ്ഥാനം മുസ്ലിം ലീഗിനാണ് ലഭിക്കുക. വനിത സംവരണമായതിനാൽ മുസ്ലിം ലീഗിൽ വനിത മെംബർമാരായ രണ്ടുപേരാണ് പരിഗണനയിലുള്ളത്. ഒന്നാം വാർഡിലെ സുഹ്റ ബാബുവും ഫൗസിയ വടക്കേപ്പുറത്തും സാധ്യതാ പട്ടികയിലുണ്ട്. മുതിർന്ന അംഗമെന്ന നിലയിൽ സുഹ്റ ബാബുവിനെ പരിഗണിക്കണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, യുവ പ്രതിനിധിയെന്ന പരിഗണനയിൽ ഫൗസിയക്ക് പ്രസിഡൻറ് സ്ഥാനം നൽകണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ, ഇതുവരെ പ്രസിഡൻറ് ആരാവണമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും ഇരുവരും പ്രസിഡൻറ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി ടി.എ. മജീദ് പറഞ്ഞു. വൈസ് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ഇതുവരെ നീങ്ങിയിട്ടില്ല. 11ാം വാർഡ് അംഗവും നിലവിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.കെ. ഇബ്രാഹിമിന് പുറമെ, റിയാസ് പഴഞ്ഞി, പി.വി. മുഹമ്മദ് എന്നിവരും സാധ്യതപട്ടികയിലുണ്ട്. രണ്ട് വർഷത്തിലധികം കോൺഗ്രസിന് ലഭിക്കുന്ന വൈസ് പ്രസിഡൻറ് സ്ഥാനത്തിൽ ഒരു വർഷമെങ്കിലും പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ നിർണായക സീറ്റുകൾ പിടിച്ചെടുത്ത റിയാസ് പഴഞ്ഞിക്കോ, പി.വി. മുഹമ്മദിനോ നൽകണമെന്നാണ് പാർട്ടിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുമുള്ള പ്രവർത്തകരുടെ ആവശ്യം. എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനാർഥിയെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പാർട്ടി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും വെളിയങ്കോട് മണ്ഡലം പ്രസിഡൻറ് ടി.പി. കേരളീയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.