നിലമ്പൂർ: കേരളത്തിലെ പ്രളയക്കെടുതി അതിരൂക്ഷമാണെന്നും കേന്ദ്രത്തെ ഇത് ബോധ‍്യപ്പെടുത്തുമെന്നും രാജ‍്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. നിലമ്പൂരിലെ ദുരിതമേഖലകൾ സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനുവേണ്ടി പാർലമെൻറിൽ ഈ കാര‍്യം അവതരിപ്പിക്കും. ഉരുൾപൊട്ടലുണ്ടായ ആഢ‍്യൻപാറക്ക് സമീപം ചെട്ടിയംപാറയിലും മലവെള്ളപ്പാച്ചിലുണ്ടായ നമ്പൂരിപൊട്ടി കാലിക്കടവിലും ശേഷം നിലമ്പൂരിൽ അവശേഷിക്കുന്ന എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക‍്യാമ്പും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചത്. ക‍്യാമ്പിലെ കുടുംബങ്ങളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രളയക്കെടുതിയിൽ തകർന്ന കോളനി വീടുകളിലേക്ക് മടക്കമില്ലെന്ന് മതിൽമൂല കോളനിയിലെ മൂപ്പൻ വെള്ളൻ അറിയിച്ചു. താമസിക്കാൻ പറ്റിയ ഇടം കണ്ടെത്തി നൽക്കണമെന്നും പറഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് അദ്ദേഹം നിലമ്പൂരിലെത്തിയത്. ഉരുൾപൊട്ടലിൽ കെടുതിയുണ്ടായ മമ്പാട് ഓടക്കയം കോളനി സന്ദർശിച്ച ശേഷമാണ് നിലമ്പൂരിലെത്തിയത്. ആദ‍്യം ചെട്ടിയംപാറയിലും പിന്നീട് നമ്പൂരിപൊട്ടിയിലുമെത്തി. ഇവിടങ്ങളിലെ കുടുംബങ്ങളെയും കണ്ടു. വൈകീട്ട് അഞ്ചുമണിയോടെ കോഴിക്കോേട്ടക്ക് മടങ്ങി. എം.പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എ പി.കെ. ബഷീർ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി.എ. മജീദ്, മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, സംസ്കാര സാഹിതി ചെയർമാൻ ആര‍്യാടൻ ഷൗക്കത്ത്, എം. ഹരിപ്രിയ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.