ദേശീയപാത വികസനം: പൊന്നാനി താലൂക്കിലെ അന്തിമ വിജ്ഞാപനമിറങ്ങി

കുറ്റിപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്കിലെ അന്തിമ വിജ്ഞാപനം (മൂന്ന്-ഡി) പ്രസിദ്ധീകരിച്ചു. കുറ്റിപ്പുറം-ഇടപ്പള്ളി റീച്ചിലെ 31.5 കിലോമീറ്റർ ദൂരത്തെ 24.3742 ഹെക്ടർ സ്ഥലത്തെ വിജ്ഞാപനമാണ് ഇറങ്ങിയത്. ഇത്രയും ഭാഗത്തായി വിവിധ സർവേ നമ്പറുകളിലായി 543 കൈവശക്കാരാണുള്ളത്. പൊന്നാനി താലൂക്കിലെ തവനൂർ, കാലടി, ഈഴവതിരുത്തി, പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് വില്ലേജുകളിൽപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. സർവേ നമ്പറുകളിൽ മാറ്റമുണ്ടെങ്കിലും നേരത്തെ കല്ലിട്ട ഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. നേരത്തെ തിരൂർ താലൂക്കിലെയും തുടർന്ന്, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേയും അന്തിമ വിജ്ഞാപനങ്ങൾ പരസ്യപ്പെടുത്തിയിരുന്നു. ജില്ലയിലെ ബാക്കിയുള്ള സർവേ നമ്പറുകൾ ഉൾപ്പെടുത്തി വിജ്ഞാപനങ്ങൾ ഇറക്കുന്നത് നവംബറോടെ മാത്രമേ പൂർത്തിയാകൂ. തിരൂരിൽ 18.71, തിരൂരങ്ങാടി 26.79, പൊന്നാനി 20.05 ഹെക്ടർ സ്ഥലത്തെ മൂന്ന്-എ വിജ്ഞാപനമാണ് ഇനി ഇറക്കാനുള്ളത്. തിരൂരിൽ നേരത്തെ ഇറക്കിയ മൂന്ന്-എ വിജ്ഞാപനത്തിൽപ്പെട്ട 65.94 ഹെക്ടറിൽ 51.76 ഹെക്ടറിലെ മൂന്ന്-ഡി വിജ്ഞാപനം ഇറങ്ങി. പൊന്നാനി താലൂക്കിൽ മൂന്ന്-എ വിജ്ഞാപനത്തിൽപ്പെട്ട 55.13 ഹെക്ടറിൽ 24.37 ഹെക്ടറിലേതാണ് ഇപ്പോൾ ഇറങ്ങിയത്. തിരൂരങ്ങാടിയിൽ 74.43 ഹെക്ടറിൽ വേണ്ടിടത്ത് മൂന്ന്-ഡി വിജ്ഞാപനം ഇറങ്ങിയത് 56.88 ഹെക്ടറിലേത്. നേരത്തെ ഇറക്കിയ മൂന്ന്-എ വിജ്ഞാപനത്തിൽപ്പെടാത്ത ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ മൂന്ന്-എ വിജ്ഞാപനം അടുത്ത ദിവസം ഇറക്കും. സർവേ നമ്പറുകളിലെ പിഴവാണ് പൂർണമായ വിജ്ഞാപനം ഇറക്കാനാകാത്തതിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.