മലപ്പുറം: പ്രളയബാധിതർക്കുള്ള കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. സമയബന്ധിതമായാണ് വിതരണം നടക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും കമ്പനികളും സ്വകാര്യ വ്യക്തികളും പ്രളയബാധിതർക്കായി കലക്ടറേറ്റിൽ എത്തിച്ച ടൺ കണക്കിന് സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് നിരവധി സാധനങ്ങളാണ് മലപ്പുറത്ത് എത്തിയത്. 8600 കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ എന്നിവ അടങ്ങിയ മൂന്ന് കിറ്റുകളാണ് ദുരിതബാധിത കുടുംബങ്ങൾക്ക് നൽകുന്നത്. താലൂക്ക് ഒാഫിസർ മുഖേന വില്ലേജ് ഒാഫിസുകൾ വഴിയാണ് വിതരണം. അതേസമയം, വീടുകളിൽ വെള്ളംകയറി ബന്ധുവീടുകളിലേക്ക് മാറിയവർക്ക് കിറ്റ് നൽകാനുള്ള നിർദേശം ലഭിച്ചിട്ടില്ല. ആയിരം കിറ്റുകൾകൂടി വിതരണത്തിനായി തയാറാക്കിയിട്ടുണ്ട്. അത് വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി വിതരണം ചെയ്യും. ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന വേളയിലും സാധനങ്ങൾ എത്തിച്ചിരുന്നു. എം.എസ്.പി ഇൻഡോർ സ്റ്റേഡിയത്തിലാണ് സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പാക്കിങ്ങിനായി കോളജ് വിദ്യാർഥികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനവുമുണ്ട്. കൊണ്ടുവരുന്നതും കയറ്റി അയക്കുന്നതുമായ സാധനങ്ങൾക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുന്നുണ്ട്. ബുധനാഴ്ച വരെ സന്നദ്ധ സംഘടനകൾ സാധനങ്ങളുമായി എത്തിയിരുന്നു. അരി, കുടിവെള്ളം, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, പാചകയെണ്ണ, ശുചീകരണ സാമഗ്രികൾ എന്നിവയാണ് പ്രധാനമായും മലപ്പുറത്ത് എത്തിയത്. തമിഴ്നാട്ടിൽനിന്നും ആറ് ടൺ അരിയും 20 ടൺ പാൽപൊടിയും അടക്കം നിരവധി സാധനങ്ങൾ പലസമയങ്ങളിലായെത്തി. ദുരിതബാധിതർക്ക് പാചകത്തിനായി ഗ്യാസ് സ്റ്റൗ ആവശ്യമുണ്ടെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്ന് അവയും ശേഖരിച്ചിരുന്നു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനുള്ള സാധനങ്ങൾ എത്തിച്ചശേഷം ജില്ലക്ക് പുറത്തുള്ള ദുരിതബാധിത പ്രദേശങ്ങളിേലക്ക് ബാക്കിയുള്ളവ ആദ്യഘട്ടത്തിൽ കയറ്റിയയച്ചിരുന്നു. തൃശൂരിൽ ദുരിതം അനുഭവിക്കുന്നവർക്ക് ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിെൻറ ഭാഗമായി വിവിധ ആഹാര വസ്തുക്കളുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കിറ്റുകളാക്കിയും അയച്ചിരുന്നു. ജില്ലയിലുള്ളവർ സാധനങ്ങളുമായും സേവനത്തിനായും മറ്റ് ജില്ലകളിൽ എത്തിയിരുന്നു. ബാക്കിയുള്ള സാധനങ്ങൾ മുഴുവൻ ദുരിതബാധിതർക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.