മജിസ്ട്രേറ്റില്ല; റെയിൽവേ കോടതി പ്രവർത്തനം നിലച്ചു

ഷൊർണൂർ: മജിസ്ട്രേറ്റില്ലാത്തതിനാൽ റെയിൽവേ കോടതി പ്രവർത്തനം നിലച്ചു. കഴിഞ്ഞ ജനുവരി ആറിന് മജിസ്ട്രേറ്റി​െൻറ കാലാവധി കഴിഞ്ഞതോടെയാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കേണ്ട കോടതികളുടെ പ്രവർത്തനം നിലച്ചത്. ഇതുമൂലം പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ പാലക്കാട്, ഷൊർണൂർ, തിരൂർ, നിലമ്പൂർ സ്റ്റേഷനുകളിലെയും തിരുവനന്തപുരം ഡിവിഷന് കീഴിലെ എറണാകുളം, തൃശൂർ, ആലുവ, അങ്കമാലി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഗുരുവായൂർ സ്റ്റേഷനുകളിലെയും പൊലീസുകാരും ആർ.പി.എഫുകാരും നെട്ടോട്ടമോടുകയാണ്. പാലക്കാട് പുതുപ്പരിയാരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് ഇപ്പോൾ റെയിൽവേ കോടതിയുടെ ചുമതല. എറണാകുളത്ത് നിന്നടക്കം പ്രതികളുമായി ഇവിടെ വന്നുപോകൽ ശ്രമകരമാണ്. അതിനാൽ പലപ്പോഴും കേസുകളെടുക്കാതെ വെറുതെ വിടേണ്ട സ്ഥിതിയാണ്. ടിക്കറ്റില്ല യാത്ര, വനിത കമ്പാർട്ട്മ​െൻറിലെ പുരുഷൻമാരുടെ യാത്ര, അനധികൃത കച്ചവടവും ചരക്ക് കടത്തും തുടങ്ങിയ കേസുകളാണ് റെയിൽവേ കോടതി പരിഗണിക്കേണ്ടത്. ഹൈകോടതി നിർദേശിക്കുന്ന മജിസ്ട്രേറ്റിനെ സംസ്ഥാന സർക്കാറാണ് ഒരു വർഷ കാലാവധിയിൽ നിയമിക്കുന്നത്. രാഷ്ട്രീയ സമ്മർദമാണ് പുതിയ ആളെ നിയമിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്നറിയുന്നു. മജിസ്ട്രേറ്റി​െൻറ ഒഴിവിലേക്ക് ഏഴ് പേരുടെ പാനൽ ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് മേധാവിയുടെയും കലക്ടറുടെയും സമ്മതപത്രത്തോടെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കൈമാറിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നു. പാനൽ ഇവിടെ നിന്ന് ഹൈകോടതിക്ക് കൈമാറി, ഇതിൽനിന്ന് അംഗീകരിച്ച് നൽകുന്നയാളെ ആഭ്യന്തര മന്ത്രിയുടെ സമ്മതത്തോടെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. കോടതി വഴി വരുന്ന പിഴയുൾപ്പെടെ വരുമാനം സംസ്ഥാന സർക്കാറിനാണ്. ഷൊർണൂർ ജങ്ഷൻ പോലുള്ള സ്റ്റേഷനുകളിൽ ശരാശരി ഇരുനൂറ് കേസുകളാണ് ഓരോ ആഴ്ചയിലും എടുക്കുന്നത്. പ്രതികളുമായി പുതുപ്പരിയാരത്തെ കോടതിയിൽ പോയിവരാനുള്ള പ്രായോഗിക തടസ്സങ്ങൾ കേസുകളുടെ എണ്ണം കുറക്കുമെന്നത് സ്വാഭാവികമാണ്. ഷൊർണൂരിൽ ആഴ്ചയിലൊരിക്കലും തൃശൂരിൽ മാസത്തിൽ മൂന്ന് തവണയും എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ മാസത്തിൽ രണ്ട് തവണയും ബാക്കി സ്റ്റേഷനുകളിൽ ഒരിക്കലുമാണ് കോടതി കേസുകൾ പരിഗണിക്കേണ്ടത്. റെയിൽവേ കോടതി മജിസ്ട്രേറ്റായി നിയമനം ലഭിക്കുന്നതിന് ഇത്രയധികം സമ്മർദമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.