പാലക്കാട്: പുഴകളുടെ നാശത്തെപ്പറ്റി പറയുമ്പോൾ ആദ്യം പരാമർശിക്കപ്പെടുക കാലാവസ്ഥവ്യതിയാനവും മണലെടുപ്പും വനനശീകരണവുമൊക്കെയാണെങ്കിലും ഭാരതപ്പുഴയുടെ നാശത്തിന് കാരണങ്ങൾ വേെറയും. തമിഴ്നാടുമായുള്ള അന്തർ നദീജല കരാറിൽ കേരളം വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതും പുഴയുടെ അതിവേഗ നാശത്തിന് കാരണമാകുകയാണ്. ചിറ്റൂർ പുഴയിലേക്ക് മഴക്കാലത്ത് ഒഴുകിയെത്തേണ്ട ജലം പറമ്പിക്കുളം-ആളിയാർ കരാർ (പി.എ.പി) വ്യവസ്ഥക്ക് വിരുദ്ധമായി കോണ്ടൂർ കനാലിലൂടെ തമിഴ്നാട്ടിലേക്ക് കടത്തിയും അനധികൃത തടയണകൾ നിർമിച്ചും ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് തമിഴ്നാട് തടയുകയാണ്. ആനമലയിൽനിന്ന് ഉത്ഭവിച്ച് ഭാരതപ്പുഴയിലേക്കെത്തേണ്ട മുഴുവൻ നീരൊഴുക്കും തമിഴ്നാട് വഴിതിരിച്ചുവിടുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേരളം വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. പി.എ.പി, കാവേരി കരാർ പ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിന് പുറമെയാണ് കേരളത്തിലെ നദികളെ കൊല്ലുന്ന നടപടിയും തമിഴ്നാട് തുടരുന്നത്. സമീപവർഷങ്ങളിൽ അപൂർവമായി മാത്രമേ ഭാരതപ്പുഴ ഇരുകരയും മുട്ടി ഒഴുകിയിട്ടുള്ളൂ. വേനൽ തുടക്കത്തിലേ പുഴ നീർച്ചാലായി മാറാൻ പ്രധാന കാരണവും ജലമൂറ്റലാണ്. 311.8 ടി.എം.സി ജലം ഒഴുകിയിരുന്ന ഭാരതപ്പുഴയിൽ അതിെൻറ പകുതിപോലും ഇപ്പോൾ ഒഴുകുന്നില്ല. 1994ലെ അഡ്ഹോക് കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ കരാർ ലംഘനങ്ങൾ 24 വർഷത്തിന് ശേഷവും കേരളം ഗൗരവത്തിലെടുത്തിട്ടില്ല. കരാർ പ്രകാരം 6400 ഏക്കറിൽ ജലസേചനം നടത്താനാണ് തമിഴ്നാടിനെ അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇപ്പോൾ 4,30,000 ഏക്കറിലാണ് തമിഴ്നാട് ജലസേചനം നടത്തുന്നത്. കാടാംപാറ ഡാം, പവർഹൗസ്, അക്കാമല വിയർ, ദേവിവയാർ വിയർ, കോണ്ടൂർ കനാൽ തുടങ്ങിയ കരാർ ലംഘനങ്ങൾ അക്കമിട്ട് നിരത്തിയിട്ടും കേരള സർക്കാറുകൾ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അന്തർ സംസ്ഥാന നദീജല തർക്ക പരിഹാര നിയമപ്രകാരം ട്രൈബ്യൂണൽ സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയില്ലെങ്കിൽ സംസ്ഥാനത്തിെൻറ നഷ്ടം ഭീമമാകും. അട്ടപ്പാടി മേഖലയിലെയും സൈലൻറ് വാലിയുടെയും ജീവനാഡിയായ ഭവാനിപ്പുഴയിലാണ് തമിഴ്നാട് ഇപ്പോൾ കണ്ണുവെച്ചിരിക്കുന്നത്. അനധികൃതമായി ഭവാനിപ്പുഴയിൽ ടണൽ നിർമിച്ച് തമിഴ്നാട്ടിൽ ഡാം നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.