ഭൂഗർഭ പൈപ്പുകളുടെ സ്ഥാനം നിർണയിക്കാനാവുന്നില്ല, റോഡ്​ മുഴുവൻ കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാർ

ഒറ്റപ്പാലം: മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ ജല അതോറിറ്റി നടത്തുന്ന വെട്ടിപ്പൊളിക്കലും 'ഓട്ടയടക്കലും' നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. പൊട്ടിയ പൈപ്പുകൾ മാറ്റാനും പൈപ്പ് ലൈൻ സ്ഥാപിക്കാനും പുതിയ കണക്ഷൻ നൽകാനുമായി കേടുപാടില്ലാത്ത പാതയിൽ ഉടനീളം കുഴിയെടുക്കൽ തകൃതിയാണ്. ഒരാഴ്ച മുമ്പാണ് അമ്പലപ്പാറ റേഷൻ ഷോപ്പിന് സമീപം പൈപ്പ് പൊട്ടി ജലപ്രവാഹമുണ്ടായത്. ജല അതോറിറ്റിയുടെ കരാറുകാർ എത്തി റോഡിൽ കുഴിയെടുക്കൽ ആരംഭിച്ചു. ഭൂഗർഭ പൈപ്പുകളുടെ സ്ഥാനം നിർണയിക്കാൻ മൂന്ന് കുഴികളാണ് ഇവർ കുത്തിയത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അസാന്നിധ്യമാണ് ഭൂഗർഭ പൈപ്പുകളുടെ യഥാർഥ സ്ഥാനം നിർണയിക്കാൻ കഴിയാതാക്കിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. അറ്റുകറ്റപ്പണി പൂർത്തിയാക്കി മടങ്ങിയ ഇവർ പിന്നീടെത്തി കുഴികൾ കോൺക്രീറ്റ് ഇട്ട് മൂടി. എന്നാൽ, ഓട്ടയടക്കും മുമ്പ് വെള്ളം തുറന്നുവിട്ട് പരീക്ഷണം നടത്താതെയായിരുന്നു കോൺക്രീറ്റിടൽ പൂർത്തിയാക്കിയത്. ശനിയാഴ്ച വെള്ളം തുറന്നുവിട്ടതോടെ ഓട്ടയടച്ച അതേ സ്ഥാനത്തുനിന്ന് റോഡിലേക്ക് വെള്ളം പരന്നൊഴുകി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് വാൽവ് അടച്ചിട്ട് ജലവിതരണം നിർത്തിവെച്ചു. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടലിന് ഇടയാക്കുന്നതെന്ന് ജല അതോറിറ്റി എൻജിനീയർ പറഞ്ഞു. പടം: ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ അമ്പലപ്പാറ റേഷൻ ഷോപ്പിന് സമീപം ജല അതോറിറ്റി ഒാട്ടയടച്ച ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി ഒഴുകിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.