ഡിവൈ.എസ്.പി ഓഫിസ് ഉദ്ഘാടനം: സമയത്തിനും മുമ്പേയെത്തി മുഖ്യമന്ത്രി

തിരൂർ: ഉദ്ഘാടകനെ കാത്തിരുന്ന് മുഷിയുന്ന പതിവ് രീതിക്ക് മുഖ്യമന്ത്രി പിണറായി വിജയ​െൻറ തിരുത്ത്. തിരൂരിൽ ഡിവൈ.എസ്.പി ഓഫിസ് ഉദ്ഘാടനത്തിന് തീരുമാനിച്ച സമയത്തിന് 10 മിനിറ്റ് മുമ്പെത്തി അദ്ദേഹം. 4.30നാണ് ഉദ്ഘാടന സമയം പ്രഖ്യാപിച്ചിരുന്നത്. നാല് മണിയോടെ ഉദ്ഘാടന വേദിയിൽ ആളുകളെത്തിയിരുന്നു. 4.10 ആയതോടെ മുഖ്യമന്ത്രി വൈലത്തൂർ വിട്ടതായി വയർലസ് സന്ദേശമെത്തി. അതോടെ സ്ഥലത്തുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐ.ജി അജിത്കുമാർ, ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബഹ്റ, ഡിവൈ.എസ്.പി ബിജു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തിരക്കിട്ട് പൂർത്തിയാക്കി. സി. മമ്മുട്ടി എം.എൽ.എയാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെത്തി. അദ്ദേഹത്തെ ആനയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും കടന്നുവന്നു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് വരവേറ്റത്. കെട്ടിടത്തിലെ നാട മുറിച്ച് ഉദ്ഘാടനം. ഡിവൈ.എസ്.പി ഓഫിസിലെത്തി സന്ദർശക ഡയറിയിൽ കുറിപ്പെഴുതി. തുടർന്ന് വേദിയിലെത്തി നിലവിളക്ക് തെളിയിച്ച് പ്രസംഗത്തിലേക്ക് കടന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ സി. മമ്മുട്ടി, വി. അബ്ദുറഹ്മാൻ, പി.കെ. അബ്ദുറബ്ബ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, നഗരസഭ ഉപാധ്യക്ഷ മുനീറ കിഴക്കാംകുന്നത്ത്, നഗരസഭ കൗൺസിലർ വേണുഗോപാലൻ, ഹംസക്കുട്ടി, വെട്ടം ആലിക്കോയ തുടങ്ങിയവർ സംസാരിച്ചു. ഡിവൈ.എസ്.പി ബിജു ഭാസ്കർ സ്വാഗതവും അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി പ്രഭാകരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.