ആര്യവൈദ്യശാല ആയുർവേദത്തെ മതിൽക്കെട്ടിന് പുറത്തെത്തിച്ചു -മുഖ്യമന്ത്രി കോട്ടക്കൽ: മതിൽക്കെട്ടിനകത്തുനിന്ന് ആയുർവേദത്തെ പുറത്തെത്തിച്ച പ്രസ്ഥാനമാണ് ആര്യവൈദ്യശാലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിൽ നിർമാണം പൂർത്തിയായ ധന്വന്തരി ഭവെൻറ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുവൈദ്യന്മാർ ആരോഗ്യപ്രശ്നങ്ങളിൽ മാത്രമല്ല, സാമൂഹിക പ്രശ്നങ്ങളിലും ഇടപെട്ടിരുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടൊപ്പം കോട്ടക്കലിൽ ആയുർവേദ സർവകലാശാല പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ശതാബ്ദി പ്രഥമദിന പ്രത്യേക കവർ പ്രകാശനവും ശതാബ്ദി സ്മരണിക പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യർ കവർ സ്വീകരിച്ചു. സ്മരണിക ഡോ. പി.എം. വാര്യർ ഏറ്റുവാങ്ങി. എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, കേരള സർക്കിൾ നോർത്തേൺ റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച്ച്. റിസ്വി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭ ചെയർമാൻ കെ.കെ. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഷൈബ മണമ്മൽ, യൂസുഫ് എടക്കണ്ടൻ, ഡോ. എൻ. മനോജ് കുമാർ, പി.വി. വിമൽ കുമാർ, എം. രഘു എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ അമിത് മീണ സ്വാഗതവും ഡോ. സി. ഉഷാകുമാരി നന്ദിയും പറഞ്ഞു. സർവകലാശാല ചർച്ചക്ക് തുടക്കമിട്ട് എം.എൽ.എ കോട്ടക്കൽ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ധന്വന്തരി ഭവൻ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ സർവകലാശാല പദ്ധതി സംബന്ധിച്ച ചർച്ചക്ക് വീണ്ടും തുടക്കമിട്ട് കോട്ടക്കൽ മണ്ഡലം എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ. പാതിവഴിയിൽ നിലച്ച പദ്ധതി പൊടി തട്ടിയെടുക്കണമെന്നായിരുന്നു ആവശ്യം. പദ്ധതി പരിഗണനയിലുണ്ടെന്ന് അധ്യക്ഷത വഹിച്ച വകുപ്പ് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.