എം.എൽ.എമാർക്കും മടി വഴിപാടായി ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗം

ഒറ്റപ്പാലം: പരാതി കേൾക്കാനും പരിഹാരം നിർദേശിക്കാനും വകുപ്പ് മേധാവികളില്ലാതെ ഒറ്റപ്പാലം താലൂക്ക് വികസനസമിതിയുടെ പ്രതിമാസയോഗങ്ങൾ വഴിപാടാകുന്നു. അധ്യക്ഷസ്ഥാനത്തിരിക്കാൻ ജനപ്രതിനിധിയെ തേടേണ്ട അവസ്ഥയിലായിരുന്നു ശനിയാഴ്ചത്തെ സ്ഥിതിഗതികൾ. രണ്ട് എം.എൽ.എമാരുണ്ടായിട്ടും ആരും എത്തിയില്ല. സുപ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട മേധാവികളുടെ അസാന്നിധ്യം പതിവുപോലെ ഇൗ യോഗത്തിലും പ്രകടമായി. കഴിഞ്ഞ യോഗത്തിൽ ചൂണ്ടിക്കാട്ടിയ സുപ്രധാന വിഷയങ്ങൾ സംബന്ധിച്ചുന്നയിച്ചിരുന്ന പരാതികൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല. സമിതിയുടെ യോഗങ്ങളിൽ പരാതികൾ വർധിച്ചതാണ് പൊതുമരാമത്ത് ഉൾെപ്പടെയുള്ള വകുപ്പുതല മേധാവികൾ യോഗത്തിൽ പങ്കെടുക്കാതായതിന് കാരണമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പങ്കെടുക്കാതിരുന്നാൽ പരിഹാരനടപടികൾ കൈക്കൊള്ളുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനാകുമെന്ന ആശ്വാസമാണ് ഇതിന് പിന്നിലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ അന്യാധീനപ്പെട്ട 14 സ​െൻറ് വീണ്ടെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കോടതിയുടെ സ്റ്റേ തുടരുകയാണെന്ന മറുപടിയാണ് ബന്ധപ്പെട്ടവർ നൽകിയത്. മുൻകാലങ്ങളിൽ ഒരു വൈകല്യങ്ങളുമില്ലാത്ത കുട്ടികൾ, എസ്.എസ്.എൽ.സി പരീക്ഷ വരുമ്പോൾ മാത്രം സഹായിയെ നിയോഗിച്ച് പരീക്ഷയെഴുതുന്ന പ്രവണത കൂടിവരുന്നതായി ഒരംഗം ആരോപിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം യോഗത്തിൽ പരാതിയായി. കണ്ണിയംപുറം ഗവ. ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ലീവെടുത്താൽ അടച്ചിടേണ്ട സ്ഥിതിയാണ്. ചെർപ്പുളശ്ശേരി സർക്കാർ ആശുപത്രിയിൽ ജീവനക്കാരുടെ കുറവുമൂലം പോസ്റ്റുമോർട്ടം നിർത്തിവെക്കുന്നതായി കത്ത് ലഭിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്ഥിരംസമിതി അധ്യക്ഷൻ സി.എ. ബക്കർ അറിയിച്ചു. നഗരസഭ ബസ് സ്റ്റാൻഡിൽ പൊലീസ് സേവനം പുനഃസ്ഥാപിക്കണം. അമ്പലപ്പാറയിൽ അനുവദിച്ച പൊലീസ് സ്റ്റേഷന് വാടകകെട്ടിടം കിട്ടാത്ത സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായിട്ടെങ്കിലും പൊലീസിനെ സ്ഥിരമായി നിയോഗിക്കണമെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.