പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) സ്ഥലമേറ്റെടുപ്പ് നിയമക്കുരുക്കിലേക്ക്. സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനുള്ള 44.3 ഏക്കർ ഭൂമിയിലാണ് പ്രശ്നം തുടരുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമിക്ക് വിലയും മറ്റ് ആനുകൂല്യങ്ങളും വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത് സംബന്ധിച്ച് ഭൂവുടമകൾ കലക്ടറുമായി നടത്തിയ ചർച്ചയിൽ കലക്ടർ മോശമായാണ് പ്രതികരിച്ചതെന്ന് ആരോപണമുണ്ട്. സ്വകാര്യവ്യക്തികളിൽനിന്നായി 367 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 317 ഏക്കർ ഭൂമി ഏറ്റെടുത്തു. കരഭൂമിക്ക് സെൻറിന് 40,000 രൂപയും കൃഷിഭൂമിക്ക് സെൻറിന് 37,500 രൂപയും നൽകിയാണ് ഏറ്റെടുത്തത്. 2015ലാണ് ഭൂമി ഏറ്റെടുത്തതെങ്കിലും 2013ന് മുമ്പത്തെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂവുടമകളെ ഭീഷണിപ്പെടുത്തിയാണ് ഏറ്റെടുത്തതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നു. 2013ലെ നിയമത്തിെൻറ പരിവർത്തന കാലത്താണ് ഭൂമിയേറ്റെടുത്തതെന്നും നിയമവിരുദ്ധമല്ലെന്നുമാണ് സർക്കാർ വാദം. പുതിയ നിയമപ്രകാരം ഭൂമിയേറ്റെടുക്കുമ്പോൾ സെൻറിന് 1.5 ലക്ഷം രൂപ നൽകണമെന്നും നഷ്ടപരിഹാര പാക്കേജ് തയാറാക്കണമെന്നുമാണ് ഭൂവുടമകളുടെ വാദം. 2017 ഏപ്രിലിൽ ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പരാതിക്കാരുടെ ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കരുതെന്നും ഏറ്റെടുക്കുകയാണെങ്കിൽ 2013ലെ നിയമപ്രകാരം വില നൽകണമെന്നും പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി നിർദേശം നടപ്പാക്കാനോ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനോ സർക്കാർ ശ്രമിച്ചില്ല. എത്രയും വേഗം പ്രശ്നത്തിൽ തീർപ്പുണ്ടാകണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് കലക്ടറുമായി ചർച്ച നടത്തിയപ്പോഴാണ് കലക്ടർ ധിക്കാരപരമായി പെരുമാറിയതെന്ന് ഭൂവുടമകൾ പറയുന്നു. 44.3 ഏക്കർ ഭൂവുടമകൾക്ക് പുതിയ നിയമപ്രകാരം പാക്കേജും വിലയും നൽകി ഏറ്റെടുക്കുകയാണെങ്കിൽ മുമ്പ് ഭൂമി നൽകിയവർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇത് സർക്കാറിന് തലവേദന കൂട്ടും. 2015ൽ ചുളു വിലക്ക് ഭൂമിയേറ്റെടുത്തത് ഭൂമാഫിയയുടെ സമ്മർദപ്രകാരമാണെന്നും ആരോപണമുണ്ട്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.