സുൽത്താൻപേട്ട ജങ്ഷനിൽ ഗതാഗത പരിഷ്കാരം

രാവിലെ 11 മുതൽ 3.30 വരെയും വൈകീട്ട് 6.30 മുതൽ 8.30 വരെയും പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് നേരിട്ട് കോർട്ട് റോഡിലേക്ക് പ്രവേശിക്കാം പാലക്കാട്: കഴിഞ്ഞ ഓണക്കാലത്ത് നഗരത്തി​െൻറ പ്രധാന ഭാഗമായ സുൽത്താൻപേട്ടയിൽ തിരക്ക് കുറക്കാൻ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നു. വെള്ളിയാഴ്ച മുതൽ രാവിലെ 11 മുതൽ 3.30 വരെയും വൈകീട്ട് 6.30 മുതൽ 8.30 വരെയുമാണ് പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് നേരിട്ട് കോർട്ട് റോഡിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്. കോർട്ട് റോഡിലേക്ക് വാഹനങ്ങൾക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഒാണക്കാലത്തെ തിരക്ക് കുറക്കാൻ നടപ്പാക്കിയ പരിഷ്കരണം പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു. കോയമ്പത്തൂർ റോഡിൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കാൽനടക്ക് ബുദ്ധിമുട്ടുന്നുവെന്നും വിമർശനമുയർന്നിരുന്നു. ജില്ല ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് നേരിട്ട് കോർട്ട് റോഡിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. പരിഷ്കരണത്തിനെതിരെ സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും രംഗത്തുവന്നിരുന്നു. സിഗ്നൽ സംവിധാനം നേരെയാക്കാൻ വൈകിയതാണ് ട്രാഫിക് പരിഷ്കരണം മാറ്റാൻ വൈകിയതെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറഞ്ഞു. ഇപ്പോൾ താൽക്കാലികമായി സിഗ്നൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതുതായി ഏർപ്പെടുത്തിയ പരിഷ്കരണം പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണെന്നും നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പിൻവലിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.