ഭവന നിർമാണത്തിന് ഊന്നൽ

ഒറ്റപ്പാലം: പാർപ്പിട സൗകര്യം, ജലസംരക്ഷണം, കാർഷിക പുരോഗതി എന്നിവക്ക് ഊന്നൽ നൽകി ഒറ്റപ്പാലം നഗരസഭയുടെ 2018-19 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. മുന്നിരിപ്പുൾെപ്പടെ 85,32,52,147 രൂപ വരവും 92,81,83,294 രൂപ ചെലവും 9,22,43,147 രൂപ നീക്കിയിരുപ്പും കാണിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൻ കെ. രത്‌നമ്മയാണ് അവതരിപ്പിച്ചത്. പാർപ്പിട പദ്ധതിക്കായി 11.57 കോടി രൂപ വകയിരുത്തി. നഗരസഭ പരിധിക്കുള്ളിൽ രണ്ട്‍ സ​െൻറ് സ്ഥലമെങ്കിലും സ്വന്തമായുള്ള ഭവനരഹിതർക്ക് ഈ വർഷം വീട് നൽകും. സമ്പൂർണ തരിശ് രഹിത നഗരസഭയാക്കുന്നതിന് 13.5 ലക്ഷം വകയിരുത്തി. ഭാരതപ്പുഴയെ സംരക്ഷണത്തിന് 15 ലക്ഷം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് റീ ഏജൻറ് വാങ്ങാൻ 50 ലക്ഷവും ആശുപത്രിയുടെ സമഗ്ര വികസനത്തിന് 50 ലക്ഷവും ടൗണിലെ ദ്രവ മാലിന്യ സംസ്കരണ പ്ലാൻറിന് ഒരു കോടിയും വകയിരുത്തി. പൊതുകുളം, കിണറുകൾ എന്നിവയുടെ സംരക്ഷണത്തിനും തോടുകളിൽ താൽക്കാലിക തടയണ നിർമിക്കാനും അരക്കോടി രൂപയും ചന്ത സ്ഥലം ഏറ്റെടുക്കാൻ 75 ലക്ഷവും റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2.55 കോടിയും മാറ്റിവെച്ചു. ടൗൺഹാൾ, ആധുനിക അറവുശാല തുടങ്ങിയ പദ്ധതികൾ ഇത്തവണയും ബജറ്റിലുണ്ട്. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രതീക്ഷക്ക് വകനൽകാത്ത ബജറ്റാണിതെന്നും ഒരു പദ്ധതിയും എന്ന് പൂർത്തിയാക്കുമെന്ന് ബജറ്റിൽ നിർദേശമില്ലെന്നും പ്രതിപക്ഷാംഗം പി.എം.എ. ജലീൽ പ്രതികരിച്ചു. ബജറ്റിൽ പരാമർശിച്ച 90 ശതമാനം പദ്ധതികളും നിർദിഷ്ട പ്രോജക്ടുകളിൽ വരുന്നതാണെന്നും ഇവ യാഥാർഥ്യമാക്കാൻ കഴിയുമെന്നും നഗരസഭ ചെയർമാൻ ബജറ്റവതരണ ശേഷം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പൊതുശ്മശാനത്തെ ആധുനിക ശ്മശാനമാക്കാൻ റെയിൽവേ അധികാരികളുമായി നടത്തിയ ചർച്ചയിൽ റോഡ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് പ്രകടിപ്പിച്ചത്. കോടികൾ മുടക്കി മേൽപാലം നിർമിക്കൽ നഗരസഭക്ക് താങ്ങാനാവില്ല. അതേസമയം, സൗത്ത് പന്നമണ്ണയിലെ പൊതുശ്മശാനത്തെ ആധുനിക ശ്മശാനമാക്കി മാറ്റാനുള്ള സാധ്യതയെക്കുറിച്ചു അന്വേഷിക്കും. ആധുനിക അറവുശാലക്ക് സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.