മീറ്റ്നക്കാർക്ക് ആനപ്പേടി വിട്ടൊഴിയുന്നില്ല

ഒറ്റപ്പാലം: രണ്ടാം വട്ടവും കാട്ടാനകൾ പാലപ്പുറത്തെ മീറ്റ്നയിലെത്തിയത് പ്രദേശ വാസികളുടെ സ്വൈര്യ ജീവിതം കെടുത്തുന്നു. ആദ്യ വഴിത്താരയിലൂടെ വെള്ളിയാഴ്ചയും ആനകൾ മീറ്റ്നയിൽ തന്നെ എത്തിയതോടെ വരവ് ഇനിയും ആവർത്തിക്കപ്പെടുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. ആദ്യമായി മീറ്റ്നയിൽ കാട്ടാനയെത്തിയത് 2017 ആഗസ്റ്റ് എട്ടിനായിരുന്നു. മൂന്ന് കാട്ടാനകൾ പ്രദേശത്തെത്തിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെ വീടുകൾക്കുള്ളിൽ ആശങ്കയും പുകഞ്ഞു. ഒരു പകലും രാത്രിയും ആശങ്കയുടെ മുൾമുനയിലായി മീറ്റ്ന ഗ്രാമവും പരിസര പ്രദേശങ്ങളും. പ്രദേശത്തെ വിദ്യാലയത്തിനുപോലും അവധി നൽകി. രാത്രിയോടെ കാട്ടിലേക്ക് തുരത്തിയ ആനകൾ വീണ്ടും മീറ്റ്‌നയിലേക്ക് മടങ്ങിയെന്ന വാർത്ത പരന്നതോടെ ഉറക്കവും നഷ്ടമായി. പിറ്റേന്നാണ്‌ ആനകൾ മീറ്റ്‌ന വിട്ടെന്ന ഉറപ്പിൽ ആശ്വസിക്കാനായത്. ധോണി വനമേഖലയിൽ നിന്ന് സംസ്ഥാന പാതയും റെയിൽ പാളവും താണ്ടി എഴുപതു കിലോമീറ്ററോളം സഞ്ചരിച്ച് രണ്ട് കാട്ടാനകൾ വ്യാഴാഴ്ച തിരുവില്വാമലയിൽ എത്തിയിട്ടുണ്ടെന്ന വാർത്ത വീണ്ടും ആശങ്ക പടർത്തി. എന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ ഭാരതപ്പുഴയിൽ നീരാടി മഥിച്ചു നിൽക്കുന്ന കാട്ടാനകളെയാണ് നാട്ടുകാർ കണ്ടത്. വൈകുന്നേരത്തോടെ തുരത്തിവിട്ട ആനകൾ കാടുകയറിയെന്ന ആശ്വാസത്തിനിടെ ശനിയാഴ്ച മണ്ണൂരിലെ കോട്ടക്കുന്ന് പ്രദേശത്ത് തങ്ങിയിട്ടുണ്ടെന്ന വിവരം ആശങ്ക വിട്ടൊഴിയാതാക്കി. തിരുവില്വാമലയിൽ നിന്ന് പാമ്പാടി വഴി പാലപ്പുറത്തെ എറക്കോട്ടിരി കടവിലൂടെ തന്നെയാണ് ആദ്യ തവണയും ആനകൾ ഭാരതപ്പുഴയിലെത്തിയത്. കാട്ടാനകൾ സഞ്ചരിക്കുന്ന പതിവ് വഴിയിൽ മാർഗ തടസ്സം സൃഷ്ടിക്കാനായാൽ ഇവയുടെ മീറ്റ്‌നയിലേക്കുള്ള പ്രവേശനം തടയാനാകുമെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.