വീണ്ടും കരാർ ലംഘനം; ആളിയാർ വെള്ളം തമിഴ്നാട് നിർത്തി

ചിറ്റൂർ: ആളിയാറിൽനിന്ന് കേരളത്തിലേക്ക് നൽകുന്ന വെള്ളം പൂർണമായും നിർത്തലാക്കി. മാർച്ച് 15 മുതൽ കഴിഞ്ഞദിവസം വരെ സെക്കൻഡിൽ 100 ഘനയടി വെള്ളം കേരളത്തിന് ലഭിച്ചിരുെന്നങ്കിലും ചൊവ്വാഴ്ച മുതൽ പൂർണമായും നിർത്തലാക്കുകയായിരുന്നു. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഒരു ജലവർഷത്തിൽ 7.25 ടി.എം.സി ജലം നൽകണമെന്നാണ് നിബന്ധന. എന്നാലിതുവരെ 5.7 ടി.എം.സി ജലം മാത്രമാണ് കേരളത്തിന് നൽകിയത്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള നിരവധി സമരങ്ങളെത്തുടർന്നാണ് ഇത്രയും വെള്ളം നൽകാൻ തമിഴ്നാട് തയാറായത്. എന്നാൽ, കിഴക്കൻ മേഖലയിലെ തടയണകളിൽ ഭൂരിഭാഗവും ഇപ്പോഴും കാലിയാണ്. അഞ്ച് തടയണകൾ മാത്രമാണ് കഴിഞ്ഞദിവസങ്ങളിൽ വലതുകര കനാലിൽ നിറച്ചത്. ഇനിയും 11 തടയണകൾ നിറക്കാനുണ്ട്. അതിനു പുറമെയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന് കുടിവെള്ളവിതരണം ചെയ്യുന്ന പ്രധാന സ്രോതസ്സായ താമരക്കുളം. താമരക്കുളത്തിൽ വെള്ളം നിറക്കാൻ അധികൃതർ ഇതുവരെയും തയാറായിട്ടില്ല. ചിറ്റൂർ പുഴയിലേക്കും ഇടതുകര കനാലിലേക്കും കൂടുതൽ വെള്ളം തുറന്നുവിടുമ്പോൾ കിഴക്കൻ മേഖലയെ അവഗണിക്കുകയാണ് ഇറിഗേഷൻ ജീവനക്കാർ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. വേനൽ കടുക്കുമ്പോൾ കിഴക്കൻ മേഖലയിലെ തടയണകൾ നിറക്കാൻ വെള്ളമില്ലാത്തതുമൂലം ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ജനകീയ സമരങ്ങൾക്ക് കാരണമാവും. ദിവസങ്ങളായി അളിയാറിൽനിന്ന് വെള്ളം കേരളത്തിന് ലഭിച്ചപ്പോഴും കിഴക്കൻ മേഖലയിലെ തടയണകളിൽ ഭൂരിഭാഗത്തിലും ഇനിയും വെള്ളമെത്തിയിട്ടില്ല. മാർച്ച് 15 വരെ സെക്കൻഡിൽ 350 ഘനയടിയോളം വെള്ളം ലഭിച്ചിട്ടും കോരയാറിലെ അഞ്ച് തടയണകൾ മാത്രമാണ് നിറക്കാൻ സാധിച്ചത്. മാർച്ച് 15ന് ശേഷം 70 ഘനയടിയിൽ താഴെ മാത്രം വെള്ളമാണ് കേരളത്തിന് നൽകിയിരുന്നത്. ചൊവ്വാഴ്ച മുതൽ വെള്ളം നൽകുന്നത് പൂർണമായും നിർത്തലാക്കിയതോടെ ചിറ്റൂർ പുഴ കുടിവെള്ള പദ്ധതികളെല്ലാം ആശങ്കയിലാണ്. കൂടുതൽ വെള്ളമെത്തിയാൽ മാത്രമേ വലതുകര കനാലിലേക്ക് തിരിച്ചുവിടാൻ സാധിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.