പട്ടാമ്പി: താലൂക്ക് കോൺഫറൻസ് ഹാളിൽ താലൂക്ക് വികസന സമിതി യോഗത്തിന് 15 പഞ്ചായത്തുകളിൽനിന്ന് ഒരു പ്രസിഡൻറുപോലുമില്ല, രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രാതിനിധ്യം ശൂന്യം, ആകെയുള്ളത് പട്ടാമ്പി നഗരസഭ മാത്രം. ജനപ്രതിനിധികളുടെ പങ്കാളിത്തം നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടിയിലൊതുങ്ങി. യോഗത്തിനിടെ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവനെത്തി. അതോടെ അത്യാവശ്യ കാര്യത്തിന് അനുവാദം ചോദിച്ച് അധ്യക്ഷത വഹിച്ചിരുന്ന നഗരസഭ ചെയർമാൻ സ്ഥലം വിട്ടു. യോഗനിയന്ത്രണ ചുമതല തന്നിലെത്തിയപ്പോൾ ''ആർക്കും വേണ്ടെങ്കിൽ ഈ സമിതി എന്തിനാ?'' എന്ന് ടി.പി. കേശവൻ ചോദിച്ചു. നാടിെൻറ പ്രശ്നങ്ങൾ പറയാൻ ജനപ്രതിനിധികളില്ല, മറുപടി പറയേണ്ടവരും ചുരുക്കം. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അസാന്നിധ്യത്തിൽ പിന്നിലായില്ല. സി.പി.ഐ പ്രതിനിധി ഇ.പി. ശങ്കരനൊഴിച്ചാൽ മറ്റു പാർട്ടിക്കാരൊന്നും തിരിഞ്ഞുനോക്കിയില്ല. ആരോഗ്യ, എക്സൈസ്, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കഴിഞ്ഞ സമിതിയോഗ തീരുമാനങ്ങൾ ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത് വായിച്ചു. അതിൽ സ്വീകരിച്ച നടപടികൾ ഏഴു വകുപ്പുകൾ അറിയിച്ചത് ഡെപ്യൂട്ടി തഹസിൽദാർ വി.പി. സെയ്ത് മുഹമ്മദ് അവതരിപ്പിച്ചു. എം.എൽ.എയുടെ പ്രതിനിധിയാണ് പങ്കെടുത്തത്. അദ്ദേഹത്തിനാകട്ടെ ഒന്നും അറിയിക്കാനുമുണ്ടായിരുന്നില്ല. മുൻ യോഗ തീരുമാനങ്ങളും ആക്ഷൻ ടേക്കൺ റിപ്പോർട്ടും വായിച്ച് തികഞ്ഞ പ്രഹസനത്തിലൊതുങ്ങി വികസന സമിതി യോഗം. വളാഞ്ചേരി-പട്ടാമ്പി റൂട്ടിൽ രാത്രിയിൽ സ്വകാര്യബസുകൾ സർവിസ് മുടക്കുന്നതും തിരുവേഗപ്പുറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മദ്യ-ലഹരി വസ്തു വിൽപനയേറിയതും ശുദ്ധജല വിതരണത്തിന് മോട്ടോർ അനുവദിക്കണമെന്നതും വൈസ് പ്രസിഡൻറ് ടി.പി. കേശവൻ സമിതിയിൽ ഉന്നയിച്ചു. വികലാംഗർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റ് സൗകര്യം സിവിൽ സ്റ്റേഷെൻറ താഴത്ത് സജ്ജീകരിക്കണമെന്ന മുൻ തീരുമാനം ട്രാൻസ്‌പോർട്ട് കമീഷണർക്ക് അനുമതിക്കായി അയച്ചിട്ടുണ്ടെന്നും 14ന് താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജോയൻറ് ആർ.ടി ഓഫിസ് പ്രതിനിധി അറിയിച്ചു. റേഷൻ കാർഡില്ലാത്തവരിൽനിന്ന് കാർഡിനായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായും നാട്യമംഗലത്ത് മദ്യപശല്യമേറിയ പണിക്കരുകടവിൽ എക്സൈസ് റെയ്‌ഡ് നടത്തി കേസെടുത്തതായും ബന്ധപ്പെട്ടവർ പറഞ്ഞു. വല്ലപ്പുഴ ഗേറ്റിലെ ഗതാഗതക്കുരുക്കും പട്ടാമ്പി റെയിൽവേ മേൽപാലം വരുന്നതോടെ ആശുപത്രിയിലേക്കുള്ള വഴി തടസ്സപ്പെടുന്നതും പരാമർശിക്കപ്പെട്ടു. മലമക്കാവിൽനിന്ന് ഗുരുവായൂർക്കുണ്ടായിരുന്ന ബസ് സർവിസ് നിർത്തിവെച്ചത് പുനരാരംഭിക്കുക, തിരുവേഗപ്പുറ നെടുങ്ങോട്ടൂരിലെ കുടിവെള്ള ടാങ്കിെൻറ ജീർണിച്ച കോണി മാറ്റുക എന്നീ പൊതു പരാതികളും സമിതിയുടെ പരിഗണനക്ക് വന്നു. അഡീഷനൽ തഹസിൽദാർ പി.എൻ. അനി, ഡോ. അബ്ദുറഹ്മാൻ, ഡോ. സിദ്ദിഖ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.