പാലക്കാട്: ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് 'വിവേചന ഭീകരതക്കെതിരെ ' എന്ന മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 47976 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍നിന്ന് അപേക്ഷിച്ചിട്ടുള്ളത്. എന്നാല്‍, പ്ലസ്ടു, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂട്ടിയാല്‍ പോലും 11385 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല. പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിഷയം ഉണ്ടാവില്ലെന്ന് പറയുന്ന മന്ത്രി തന്നെ 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിടേണ്ടി വരുന്ന വൈരുധ്യവും നടന്നു. 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ഹൈസ്‌കൂളുകളെ ഹയർ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രാവിലെ 10ന് അരിക്കാര തെരുവില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, വെൽഫെയർ പാർട്ടി ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, മുകേഷ് മേപ്പറമ്പ്, സതീഷ്, ഷാജഹാന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.