നിയമത്തിന്​ പുല്ലുവില; വിദ്യാലയങ്ങൾക്ക്​ മുന്നിലൂടെ ടിപ്പറുകളുടെ മരണപ്പാച്ചിൽ

പുലാമന്തോൾ: നിയമങ്ങൾക്ക് പുല്ലുവില പോലും കൽപിക്കാതെ നിരോധിത സമയങ്ങളിൽ വിദ്യാലയങ്ങൾക്ക് മുന്നിലൂടെ ടിപ്പർ വാഹനങ്ങൾ കുതിക്കുന്നു. കൊളത്തൂർ-പുലാമന്തോൾ റൂട്ടിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മുന്നിലൂടെയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. സ്കൂൾ പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് മൂന്ന് മുതൽ അഞ്ചുവരെയും സ്കൂളുകൾക്ക് മുന്നിലൂടെ ടിപ്പർ വാഹനമടക്കം വലിയ വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ഈ നിയമത്തിന് പുല്ലുവില പോലും കൽപിക്കപ്പെടാറില്ല. പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റിനു മുന്നിൽ വിദ്യാർഥികൾക്ക് റോഡു മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനും ബാരിക്കേടും സ്ഥാപിച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനായി വിദ്യാർഥികൾ റോഡരികിൽ കാത്തുനിന്നാൽ പോലും ചെറുതും വലുതുമായ ഒരുവാഹനവും ഇത് കണ്ടതായി ഭാവിക്കാറില്ല. കൊളത്തൂർ-പുലാമന്തോൾ റോഡിലൂടെ നിരോധിത സമയത്ത് ടിപ്പർ ലോറികളടക്കം വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് എൽ.പി, യു.പി വിഭാഗത്തിൽപ്പെട്ട നാലു വിദ്യാലയങ്ങൾ ഈ റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കെത്തുന്ന വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയുന്നില്ലെന്നും സ്കൂൾപടിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും രക്ഷിതാക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പരിഹാരമെന്നോണം ഹയർ സെക്കൻഡറി ക്ലാസ് തുടങ്ങുന്ന ദിവസം മൂന്നു പൊലീസുകാർ സ്കൂളിനു മുന്നിൽ നിരീക്ഷണമേർപ്പെടുത്തുകയും വാഹനങ്ങളെ തടഞ്ഞുനിർത്തി വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന വലിയ വാഹനങ്ങളെ നിയന്ത്രിക്കാൻ പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ സ്ഥിരമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.