കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം മലയോര മേഖലയിൽ മൂന്ന് ഇടങ്ങളിൽ ഉരുൾപൊട്ടി. മൂന്ന് വീടുകൾ തകർന്നു. വൻ തോതിൽ മണ്ണും കല്ലും ഒലിച്ചെത്തി ഏകദേശം ഇരുപതോളം ഏക്കർ സ്ഥലത്തെ വിള നശിച്ചു. പ്രധാന മലമ്പാതകൾ തകർന്നു ജനവാസ മേഖല രണ്ടിടങ്ങളിൽ ഒറ്റപ്പെട്ടു. പാലക്കയം പുഴ കരകവിഞ്ഞൊഴുകി അടുത്ത സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ചീനിക്കപ്പാറ, പായപ്പുല്ല്, കുണ്ടൻപൊട്ടി-ഇഞ്ചിക്കുന്ന്, വട്ടപ്പാറ എന്നീ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ കനത്ത മഴക്കൊടുവിൽ ഉരുൾപ്പൊട്ടലുണ്ടായത്. മരങ്ങൾ വീണും മണ്ണും പാറക്കല്ലുകൾ ഉരുണ്ടെത്തിയും പായപ്പുല്ല് തടത്തിൽ ചാക്കോ, തടത്തിൽ അന്നമ്മ എന്നിവരുടെ വീടുകൾ തകർന്നു. വീട്ടുകാർ സംഭവ സമയം ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തടത്തിൽ അന്നമ്മയുടെ വീടിെൻറ അടുക്കളഭാഗം തകർന്നു. ഇവരുടെ കിണർ, വൈദ്യുതി മോട്ടോർ എന്നിവ മണ്ണടിഞ്ഞ് നശിച്ചു. ചീനിക്കപ്പാറ കുളത്തിങ്കൽ ചാക്കോയുടെ വീടിെൻറ സിറ്റ്ഔട്ട് വേർപെട്ടു. പായപ്പുല്ല് തെക്കുംക്കര മണികണ്ഠൻ, മൂഴയിൽ സണ്ണി, കുണ്ടംപൊട്ടി ഇഞ്ചിക്കുന്ന് പ്രദേശത്തെ നെമ്പുറം ടോമി പരിക്കുളം, ജോസഫ് ചെട്ടിയാംകുന്ന്, റോബിൻ കാക്കനിൽ, മേരി കരിങ്കുളം, ജോർജ് തറമ്പിൽ, രാജു പാച്ചേരി എന്നിവരുടെ 30 ഏക്കർ സ്ഥലത്തെ റബർ, വാഴ, കുരുമുളക് എന്നിവ നശിച്ചു. പാലക്കയം മൂന്നാംതോട് പുഴ കരകവിഞ്ഞ് ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതോടെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് പാണ്ടൻ പ്രദേശത്തെ 200ഓളം കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ വാക്കോട് പാർശ്വഭിത്തി തകർന്ന് നിലംപൊത്തി. മൂന്ന് മാസങ്ങൾക്ക് മുമ്പ് നബാർഡിെൻറ ധനസഹായത്തോടെ നിർമിച്ച അരിക് ഭിത്തിയാണിത്. കുണ്ടുംപൊട്ടി-ഇഞ്ചിക്കുന്ന് ഭാഗത്ത് വട്ടപ്പാറ പാത മലവെള്ളപ്പാച്ചിലിൽ പാടെ തകർന്നു. പാലക്കയം-ശിരുവാണി പാതയിൽ നാലിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. വാക്കോടൻ-വട്ടപ്പാറ റോഡിലും മണ്ണടിഞ്ഞും മരങ്ങൾ കടപുഴകിയും ഗതാഗതം സ്തംഭിച്ചു. കുണ്ടംപൊട്ടിയിൽ വട്ടപ്പാറ പാതയിൽ മണ്ണ്, കല്ല് എന്നിവ നീക്കം ചെയ്യാൻ മണ്ണ്മാന്തി ഉപയോഗിച്ച് ശ്രമം ആരംഭിച്ചെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.