മണ്ണാർക്കാട് മഴ തുടരുന്നു, മലയോര മേഖല ഭീതിയിൽ

മണ്ണാർക്കാട്: മേഖലയിൽ മഴ ശക്തമായി തുടരുന്നു, മലയോര മേഖല അപകട ഭീതിയിൽ. അട്ടപ്പാടി ചുരം ഏതുസമയവും തകർച്ച ഭീഷണിയിലാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മലയോര മേഖലയിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ചൊവ്വാഴ്ച മണ്ണാർക്കാട് 18 സ​െൻറി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മഴയിൽ ചുരമിടിച്ചിൽ രൂക്ഷമായ മുക്കാലിയിൽ മഴ കനത്തതോടെ മണ്ണിടിച്ചിലും അറ്റകുറ്റപ്പണി നടക്കാത്ത ഭാഗങ്ങളിൽ റോഡ് ഇടിച്ചിലുമുണ്ട്. ചുരം റോഡിൽ മരങ്ങളും പാറക്കല്ലുമടക്കമുളള മണ്ണും റോഡിൽ നിലം പതിച്ചതോടെ ഗതാഗതം താറുമാറായി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കനത്ത മഴയിൽ ചുരം ഇടിഞ്ഞതോടെ ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചുരം റോഡിൽ കഴിഞ്ഞ ദിവസം മുതൽ ബസ് ഒഴികെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പാലക്കയം പായ്പുല്ല്, വട്ടപ്പാറ, കുണ്ടംപൊട്ടി റോഡുകളിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. കാരാകുർശ്ശി അയ്യപ്പൻകാവ് റോഡിന് കുറുകെ മരം കടപുഴകി വീണു. കുമരംപുത്തൂർ ശാന്തിവായ്ക്കൽ തോടി​െൻറ പാലവും പാർശ്വഭിത്തിയും കുത്തൊഴുക്കിൽ തകർന്നു. കഴിഞ്ഞ മഴക്കാലത്ത് ആഴ്ചകളോളം ഒറ്റപ്പെട്ട അട്ടപ്പാടി ഇത്തവണ മഴ തുടങ്ങിയ ജൂണിൽ തന്നെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. തുടർച്ചയായി പെയ്യുന്ന മഴയിൽ ചൊവ്വാഴ്ച രാത്രി പാലക്കയത്ത് ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. റോഡുകൾ പലതും ഒലിച്ചുപോയി. കാഞ്ഞിരപ്പുഴ പൂഞ്ചോല, വെള്ളത്തൂവൽ, ഇരുമ്പകച്ചോല, അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തൂവൽ കോളനിയിൽ ഒരു മാസത്തോളമാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നത്. പൂഞ്ചോലയിലും ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരങ്ങളൊന്നുമായിട്ടില്ല. കൂടാതെ അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ കോളനിയിൽ നടപ്പാക്കിയിട്ടില്ല. അട്ടപ്പാടി ചുരം റോഡിനു ബദൽ റോഡെന്നത് പ്രഖ്യാപനത്തിലും വാഗ്ദാനത്തിലും, ചർച്ചയിലും ഒതുങ്ങി. ഒന്നിലധികം റോഡുകൾ പരിഗണയിലുണ്ടെങ്കിലും ഒന്നും നടക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം ദുരിതം വിതച്ച ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളേറെയെടുത്തു. അതിനു ശേഷവും കണ്ണിൽ പൊടിയിടുന്ന ചർച്ചകളും സാധ്യത പഠനങ്ങളും മാത്രമാണ് നടന്നത്. നിലവിലെ റോഡ് നവീകരണം കിഫ്ബിയിൽ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശവുമുണ്ടായിട്ടുണ്ട്. പല ഭാഗങ്ങളിലും മരങ്ങൾ വീണ് ഗതാഗത തടസ്സവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി വിതരണവും പലഭാഗത്തും താറുമാറായിട്ടുണ്ട്. ഫോട്ടോ... 1)കഴിഞ്ഞ ദിവസത്തെ മഴയിൽ അട്ടപ്പാടി ചുരത്തിലെ മണ്ണ് ഇടിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.