പാലക്കാട്: അട്ടപ്പാടിയിൽ കാലവർഷത്തിൽ തകർന്ന റോഡുകൾ ഒരാഴ്ചക്കകം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് താൽക്കാലികമായി ഗതാഗത യോഗ്യമാക്കുമെന്ന് കലക്ടർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് അട്ടപ്പാടി മേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചുരത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 12 മരങ്ങൾ മുറിച്ചുമാറ്റും. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന പാഴ്മരങ്ങൾ മുറിച്ചു കളയാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾ ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്ന മുറക്ക് നഷ്ടപരിഹാര തുക അനുവദിക്കും. കാലാവസ്ഥ അനുകൂലമായി വരുന്നതിനാൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും കലക്ടർ അറിയിച്ചു. അട്ടപ്പാടി മേഖലയിലെ രണ്ട് ലക്ഷത്തോളം വാഴകളാണ് മഴയിൽ നശിച്ചത്. മൂവായിരത്തോളം വാഴകൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ. അതിനാൽ മുഴുവൻ വാഴകൾക്കും കാർഷിക കടാശ്വാസം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് വിവരങ്ങൾ ശേഖരിച്ച് സർക്കാരിലേക്ക് ഉടൻ സമർപ്പിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ചേർന്ന അവലോകന യോഗത്തിൽ ഒറ്റപ്പാലം സബ്കലക്ടർ ജെറോമിക് ജോർജ്, മണ്ണാർക്കാട് തഹസിൽദാർ രാധാകൃഷ്ണൻ നായർ, ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശൻ, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറുമാർ, വാർഡ് മെംബർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.