തിരൂരിൽ പോസ്​റ്റ്​ ഓഫിസിൽ സഹായം ചോദിച്ചെത്തിയയാൾ നാല്​ ലക്ഷം കവർന്നു

തിരൂർ: പോസ്റ്റ് ഓഫിസിൽ സഹായം ചോദിച്ചെത്തിയയാൾ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപ കവർന്നു. തിരൂർ മഞ്ചേരി റോഡിലെ ഈസ്റ്റ് ബസാർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഇതേക്കുറിച്ച് പോസ്റ്റ് മാസ്റ്റർ ഭാർഗവി പറയുന്നത് -രാവിലെ ഓഫിസിലെത്തി ആർ.ഡി നിക്ഷേപം പിൻവലിച്ച ഇടപാടുകാരന് നൽകാൻ സൂക്ഷിച്ചിരുന്ന 7,44,450 രൂപയിൽനിന്നാണ് തുക നഷ്ടമായത്. ഒരു മണിയോടെ ഭക്ഷണം കഴിക്കാൻ തയാറാകുന്നതിനിടെ പാൻറ്സും ഷർട്ടും ധരിച്ചെത്തിയയാൾ ഊമയാണെന്ന് രേഖ കാണിച്ച് സഹായം തേടി. നാവ് പുറത്തേക്കിട്ട് സംസാരശേഷിയില്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. വരാന്തയിൽനിന്ന് പെട്ടെന്ന് ഓഫിസിനകത്ത് പ്രവേശിച്ച ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. സഹായം നൽകിയവരുടെ പേര് വിവരമെന്ന നിലയിൽ വിവിധ തുകകൾ രേഖപ്പെടുത്തിയ പേപ്പറും കാണിച്ചു. 20 രൂപ എഴുതാൻ പറഞ്ഞ് പണമെടുക്കാൻ പോസ്റ്റ് മാസ്റ്റർ മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോൾ ഇയാളും കൂടെ വന്നു. ബാഗിൽനിന്ന് പണമെടുത്ത് തിരിയുന്നതിനിടെ പൊടുന്നനെ ഇയാൾ ഓടി മറയുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കവർച്ച അറിയുന്നത്. 2000 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് മാസ്റ്റർ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. സംഭവസമയത്ത് ജീവനക്കാരനായ സുരേന്ദ്രൻ, ആർ.ഡി ഏജൻറ് സുജാത എന്നിവരും ഓഫിസിലുണ്ടായിരുന്നു. തിരൂർ കൈപ്പാടത്ത് വാഹിദിന് നൽകാനായി സൂക്ഷിച്ചതായിരുന്നു പണം. പോസ്റ്റ് ഓഫിസിലുണ്ടായിരുന്ന ആർ.ഡി അക്കൗണ്ട് ബുധനാഴ്ച രാവിലെ വാഹിദെത്തി കാൻസൽ ചെയ്തിരുന്നു. ഹെഡ് പോസ്റ്റ് ഓഫിസിൽനിന്ന് നാലര ലക്ഷം രൂപ വരുത്തിയും ബാക്കി തുക ഇവിടെനിന്ന് ചേർത്തും എണ്ണിത്തിട്ടപ്പെടുത്തി വെച്ച ശേഷമാണ് ഭാർഗവി ഭക്ഷണം കഴിക്കാനിരുന്നത്. വാഹിദ് പണം കൈപ്പറ്റാൻ വരാനിരിക്കെയായിരുന്നു സംഭവം. അപരിചിതൻ ഓഫിസിനകത്ത് പ്രവേശിച്ചിട്ടും ജാഗ്രത പുലർത്താതിരുന്നതാണ് വിനയായത്. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂർ അസി. പോസ്റ്റൽ സൂപ്രണ്ട് ജലജയുടെ നേതൃത്വത്തിൽ തപാൽ വകുപ്പും അന്വേഷണം തുടങ്ങി. പോസ്റ്റ് ഓഫിസിന് മുകളിലെ സ്ഥാപനത്തിലുള്ള സി.സി.ടി.വിയിൽ കവർച്ചക്കാരൻ ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.