പെരിന്തല്‍മണ്ണ: സ്‌കൂളുകള്‍ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും മുറുകി. അഞ്ചാംഘട്ട ഗതാഗത പരിഷ്കാരത്തിെൻറ ഭാഗമായി കോഴിക്കോട് റോഡില്‍ നഗരസഭക്ക് മുന്‍വശത്തെയും സംഗീത തിയറ്ററിന് സമീപത്തെയും ബസ്സ്റ്റോപ്പുകള്‍ നഗരസഭ നിര്‍ത്തലാക്കിയിരുന്നു. ഇവിടങ്ങളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നഗരസഭ പൊളിച്ചുമാറ്റി. കാലവര്‍ഷമെത്തിയതോടെ കനത്ത മഴയില്‍ ബസ് കാത്തിരിക്കാനിടമില്ലാതെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് യാത്രക്കാരും വിദ്യാർഥികളും. നിര്‍ത്തലാക്കിയ ബസ്‌സ്റ്റോപ്പുകള്‍ക്ക് ബദലായി സബ് ജയിന് സമീപം നിര്‍മിച്ച സ്റ്റോപ്പിനെ ആശ്രയിക്കാനാണ് നഗരസഭ അധികാരികൾ നിർദേശിക്കുന്നത്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഇവിടെ സീബ്രാ ക്രോസ് ഇല്ലാത്തതും ദുരിതം വിതക്കുന്നു. മണ്ണാര്‍ക്കാട് റോഡില്‍ ഡിവൈ.എസ്.പി ഓഫിസിന് മുന്‍വശത്തായി റോഡിെൻറ ഇരുവശത്തും ബസ്‌ബേ നിര്‍മിച്ചതുമൂലം റോഡിെൻറ വീതി കുറഞ്ഞു. ദേശീയപാതയിലൂടെ തിക്കിത്തിരക്കിയെത്തുന്ന കണ്ടെയ്നറും ചീറിവരുന്ന ആംബുലൻസും അടക്കമുള്ള വാഹനങ്ങള്‍ക്കിടയിലൂടെ സാഹസികമായി റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയാണിപ്പോള്‍. പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കോടതിപടിയില്‍ ഇറങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ പ്രധാന ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കണം. മണ്ണാര്‍ക്കാട് റോഡില്‍ പ്രധാന ജങ്ഷനോട് ചേര്‍ന്ന് മിക്ക സമയവും ഗതാഗത സ്തംഭനമാണ്. പാലക്കാട് ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ക്ക് അനുവദിച്ച സ്റ്റോപ് ഹൈസ്‌കൂള്‍ റോഡിന് ചേര്‍ന്നായതിനാല്‍ ഇവിടെ തിരിയുന്നതും തിരിച്ച് ദേശീയപാതയിലേക്ക് കടക്കേണ്ട വാഹനങ്ങളും ഒരേ സമയമെത്തുമ്പോള്‍ ദേശീയപാതയില്‍ ഗതാഗതം നിശ്ചലമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.