പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63 -ാം വാർഷിക മഹാസമ്മേളനത്തിന് പ്രൗഢ പരിസമാപ്തി. പഠനം പൂർത്തിയാക്കിയ 585 ഫൈസിമാർ സനദ് സ്വീകരിച്ചു. സമാപന സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയാണ് രാജ്യത്തിന്റെ സംസ്കാരമെന്നും തെറ്റിദ്ധാരണയുടെയും സ്പർദ്ധയുടെയും കാലത്ത് നന്മക്കും സ്നേഹത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നാടിനും സമുദായത്തിനും വലിയ കരുത്താണ് ഓരോ വര്‍ഷവും സേവനത്തിനിറങ്ങുന്ന യുവപണ്ഡിതരെന്നും സ്പർധക്കും വെറുപ്പിനുമെതിരെ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജാമിഅയിൽ 40 വർഷത്തിലേറെക്കാലം അധ്യാപനം നടത്തിയ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാരെ ആദരിച്ചു.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ സമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ആദരിക്കുന്നു
ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുല്ല മുസ് ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് തുടങ്ങിയവർ സംബന്ധിച്ചു.
ഇസ്്ലാമോഫോബിയയെ വിജ്ഞാനം കൊണ്ട് നേരിടണം -സാദിഖലി തങ്ങൾ
പട്ടിക്കാട്: ഇസ് ലാമോഫോബിയക്കെതിരെ പോരാടാൻ പരമ്പരാഗത വിജ്ഞാനവും കാലികമായ ഡാറ്റയും ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇസ് ലാമിനെ കുറ്റപ്പെടുത്തുന്നവർക്ക് അവരാഗ്രഹിക്കുന്ന രീതിയിൽ മറുപടി പറയരുത്. സരളമായ ഭാഷയിൽ യഥാർഥ ഇസ്ലാമിനെ പരിചയപ്പെടുത്തണം. വിവേകത്തോടെ പെരുമാറണം. സമസ്തയുടെ ലക്ഷ്യം തന്നെയാണ് ജാമിഅയുടെ ലക്ഷ്യം. ഉലമാ- ഉമറാ ബന്ധത്തിന്റെ ശക്തിയിലും ഊഷ്മളതയിലുമാണ് നമ്മൾ വളർന്നത്. അത് ശക്തിപ്പെടണമെന്നും തങ്ങൾ പറഞ്ഞു.
സത്യവും നീതിയും മുറുകെപ്പിടിക്കണം -ജിഫ്രി തങ്ങള്‍
പട്ടിക്കാട്: വെല്ലുവിളികളെ അതിജയിക്കണമെങ്കില്‍ സത്യവും നീതിയും മുറുകെപ്പിടിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇസ് ലാം എന്നും വെല്ലുവിളി നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ വഴി മുറുകെപ്പിടിക്കാനാണ് പണ്ഡിതന്മാര് പറഞ്ഞത്. അസത്യത്തിന്റെ വാക്കുകള്‍ പണ്ഡിതന്മാരില് നിന്ന് വരാന്‍ പാടില്ല. നന്മ മറയാക്കി തെറ്റ് ചെയ്തു ജീവിക്കാന്‍ പാടില്ലെന്നും പ്രയാസങ്ങള്‍ സഹിക്കാന്‍ തയാറാവണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ദിശാബോധം പകര്‍ന്ന് മഹല്ല് നേതൃസംഗമം
പട്ടിക്കാട്: ഉമറാക്കള്‍ക്ക് ദിശാബോധം പകര്‍ന്ന് സമ്മേളന നഗരിയില്‍ മഹല്ല് നേതൃസംഗമം പ്രൗഢമായി. പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ബോധനവും നാസര്‍ ഫൈസി കൂടത്തായി ആമുഖ പ്രസംഗവും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മുഖ്യപ്രഭാഷണവും നടത്തി. ഒണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സലാം ഫൈസി ഒളവട്ടൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, ബി.എസ്.കെ തങ്ങള്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആനങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി, കെ.ടി കുഞ്ഞാന് ഹാജി, അബൂബക്കര്‍ ഫൈസി മലയമ്മ, നജീബ് കാന്തപുരം എം.എല്‍.എ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.സി ഇബ്രാഹിം ഹാജി വയനാട്, ഇബ്രാഹീം ഹാജി തിരൂര്‍, ഡോ. കുഞ്ഞിതങ്ങള്‍, സി.എം കുട്ടി സഖാഫി, കാടാമ്പുഴ മൂസഹാജി എന്നിവർ സംബന്ധിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷന് കെ.എ റഹ്മാന് ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ പൈങ്കണ്ണിയൂര് ഉദ്ഘാടനം ചെയ്തു. സലീം എടക്കര വിഷയാവതരണം നടത്തി. യു. ഷാഫി ഹാജി പദ്ധതി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.