തൊഴിൽ ഭീഷണി ഒഴിയണമെങ്കിൽ വേണം, ഒറ്റപ്പാലത്ത് ആധുനിക അറവുശാല

ഒറ്റപ്പാലം: ആധുനിക അറവുശാല നഗരസഭയുടെ വാർഷിക ബജറ്റിലെ ആവർത്തന പദ്ധതിയായി നിലനിൽക്കെ നഗരത്തിലെ അനധികൃത അറവുശാലകൾ പൂട്ടണമെന്ന സബ് ഡിവിഷനൽ മജിസ്‌ട്രേറ്റി‍​െൻറ ഉത്തരവ് ഒറ്റപ്പാലത്തെ മാംസ വ്യാപാരികൾക്ക് തൊഴിൽ ഭീഷണിയാകുന്നു. ഒറ്റപ്പാലത്ത് അടിയന്തര പ്രാധാന്യമർഹിക്കുന്ന പദ്ധതിയാണെന്ന ബോധ്യമുണ്ടായിരിക്കെത്തന്നെ ഒന്നര പതിറ്റാണ്ടോളമായി ബജറ്റിൽ ആവർത്തിക്കപ്പെടുന്നതല്ലാതെ അറവുശാല ലക്ഷ്യം കണ്ടിട്ടില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതാണ് പദ്ധതിക്ക് തടസ്സമാകുന്നതെന്ന സ്ഥിരംവാദമാണ് നഗരസഭയുടേത്. അതേസമയം, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റി‍​െൻറ ഉത്തരവ് നടപ്പാക്കുന്നതോടെ അറവുമാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന പൂളക്കുണ്ട് കുന്നുംപുറം നിവാസികൾക്ക് ഏറെ ആശ്വാസമാകും. ഒന്നര പതിറ്റാണ്ട് മുമ്പുവരെ അറവുശാല പ്രവർത്തിച്ചിരുന്നത് പൂളക്കുണ്ടിലെ നഗരസഭയുടെ സ്ഥലത്തായിരുന്നു. പരിസരവാസികൾക്ക് ദുർഗന്ധവും കിണറിലെ കുടിവെള്ളം മലിനപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രക്ഷകരായെത്തിയത്. വേണ്ടത്ര സുരക്ഷാക്രമീകരണം ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയ ബോർഡ് അധികാരികൾ അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടു. പിന്നീട് ഇവിടെ ആധുനിക അറവുശാലയുടെ നിർമാണത്തിനായി സർവേ നടപടികൾക്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രദേശവാസികൾ സംഘടിച്ച് മടക്കി അയക്കുകയായിരുന്നു. ഇതിന് ശേഷം നിശ്ചിത അറവുശാലയില്ലാതെയാണ് കശാപ്പ് നടക്കുന്നത്. നഗരത്തിലെ ഒട്ടുമിക്ക മാംസാവശിഷ്ടവും തള്ളുന്നത് കുന്നുംപുറം പ്രദേശത്തെ ഗ്രൗണ്ടിലാണ്. നഗരസഭ അധികാരികൾക്കും പൊലീസിനും ഇതുസംബന്ധിച്ച് പരാതി നൽകുകയും മാലിന്യം തള്ളുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾ പരാജയം കണ്ടതോടെ 2016ൽ ഒറ്റപ്പാലം സബ് കലക്ടറായിരുന്ന പി.ബി നൂഹിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇതി‍​െൻറ വാദം കേട്ട നിലവിലെ സബ് കലക്ടർ ജെറോമിക് ജോർജ് മാലിന്യം തള്ളുന്നത് തടയാൻ നഗരസഭക്ക് നിർദേശം നൽകി. ഇതി‍​െൻറ അടിസ്ഥാനത്തിലാണ് നഗരത്തിലെ മുഴുവൻ അനധികൃത അറവുശാലകളും പൂട്ടാൻ ഉത്തരവിട്ടത്. ഏതാനും കോഴിക്കടകൾ ഒഴിച്ചുള്ള മാംസ വിൽപനകേന്ദ്രങ്ങൾക്ക് നഗരസഭയുടെ അനുമതിയില്ലെന്നാണ് വിവരം. നഗരസഭക്ക് നിയമാനുസൃതം ആട്ടിറച്ചി, മാട്ടിറച്ചി വിൽപന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകണമെങ്കിൽ ആധുനിക അറവുശാല സജ്ജീകരിക്കേണ്ടതുണ്ട്. നഗരത്തിലെ അനധികൃത അറവുശാലകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ആശ്രയിക്കാൻ ആധുനിക അറവുശാല ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽ ഭീഷണി എങ്ങനെ നേരിടാനാകുമെന്നറിയാത്ത അവസ്ഥയിലാണ് മാംസ വ്യാപാരികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.