നിലമ്പൂർ: കനത്ത മഴയെ തുടർന്ന് മലയോരമേഖലയിൽ കനത്തനാശം. സംസ്ഥാനപാതയിലും വീടുകൾക്ക് മുകളിലും മരങ്ങൾ വീണു. കൃഷിയിടങ്ങളും വെള്ളത്തിലായി. രണ്ടിടത്ത് കിണറുകൾ ഇടിഞ്ഞു. ചാലിയാറിെൻറ പോഷകനദികളായ കാരക്കോടൻ, കലക്കൻ പുഴ, കോട്ടപ്പുഴ, കരിമ്പുഴ, കുതിരപ്പുഴ, പുന്നപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ മഴ ഉച്ചയായപ്പോഴേക്കും കനത്തു. രാത്രിയും മഴ തുടരുകയാണ്. പുഴയുടെ കരകളിൽ താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഡിപ്പോക്കും തൊണ്ടിക്കും ഇടയിലാണ് വൈകീട്ട് മൂന്നോടെ കൂറ്റൻ മരം റോഡിലേക്ക് പൊട്ടിവീണത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മരം പൊട്ടിവീണ സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി റബർ മരങ്ങളും വാഴകളും കാറ്റിൽ വീണിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ മൈലാടി കരുവേലിൽ വർഗീസ് കുര്യെൻറ വീട്ടുമുറ്റത്തെ 22 റിങ് താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കിണർ പൂർണമായും തകർന്ന നിലയിലാണ്. ഞായാറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് കുര്യനും ഭാര്യയും ഇറങ്ങി നോക്കിയപ്പോഴാണ് കിണർ താഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിനോട് ചേർന്ന കിണർ ഇടിഞ്ഞത് കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.