വണ്ടൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ പരസ്യവിമർശനവുമായി വൈസ് പ്രസിഡൻറ് അടക്കമുള്ള മുസ്‌ലിം ലീഗ് അംഗങ്ങൾ രംഗത്ത്. തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന പ്രസിഡൻറുമായി സഹകരിച്ച് പോവാൻ കഴിയില്ലെന്നും വാണിയമ്പലം ഓട്ടോസ്റ്റാൻഡ് മാറ്റിയ വിഷയത്തിൽ പ്രസിഡൻറ് പണം വാങ്ങിയിട്ടുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം നടക്കേണ്ട പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചതിെൻറ കാരണങ്ങൾ വ്യക്തമാക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് പ്രസിഡൻറിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ചത്. സ്റ്റാൻഡ് ഒഴിവാക്കിയതിനെതിരെ മേയ് 11ന് വാണിയമ്പലത്തെ ഓട്ടോ തൊഴിലാളിയായ പാറഞ്ചേരി ജലീൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകിയ പരാതിയെ തുടർന്നാണ് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, മേയ് 15ന് ചേർന്ന ഭരണസമിതി യോഗത്തിലും മേയ് 31ന് ചേർന്ന യോഗത്തിലും വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. കേസ് കോടതി പരിഗണിക്കുന്നതിന് മുേമ്പ വിഷയം ചർച്ചചെയ്യാമായിരുന്നു. എന്നാൽ, പരാതി ലഭിച്ച വിവരം മറ്റുള്ളവരെ അറിയിക്കാനോ, വിഷയം ചർച്ച ചെയ്യാനോ പ്രസിഡൻറ് കൂട്ടാക്കിയില്ല. മേയ് 31ന് ചേർന്ന ഭരണസമിതി യോഗത്തിലേക്ക് ഓട്ടോ തൊഴിലാളികളെ വിളിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും മറ്റു അംഗങ്ങളെ അറിയിക്കുകയോ അജണ്ട വെക്കുകയോ ചെയ്യാത്തത് എൽ.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചതോടെ, സെക്രട്ടറി സമ്മതിക്കാതിരുന്നതിനാലാണ് അജണ്ട വെക്കാതിരുന്നതെന്നാണ് പ്രസിഡൻറ് പറയുന്നത്. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണ്. വിഷയത്തിൽ നിയമോപദേശം തേടണമെന്ന് മേയ് 25ന് തന്നെ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറിനോട് ആവശ്യപ്പെട്ടതാണ്. വിഷയം ചർച്ച ചെയ്യാൻ ജൂൺ രണ്ടിന് യോഗം ചേരുമെന്ന് പ്രസിഡൻറ് പ്രഖ്യാപിച്ചു. തൊട്ടടുത്തിരിക്കുന്ന വൈസ് പ്രസിഡൻറായ തന്നോടോ, സെക്രട്ടറിയോടോ ആലോചിക്കാതെയാണ് യോഗം ചേരുമെന്ന് പ്രഖ്യാപിച്ചത്. യോഗം ചേരുമെന്നറിയിച്ചുള്ള നോട്ടീസ് നൽകുകയോ, യോഗത്തിെൻറ മുന്നോടിയായിട്ടുള്ള സ്റ്റിയറിങ് കമ്മിറ്റി കൂടുകയോ ചെയ്തില്ല. ഭരണസമിതി യോഗത്തിന് മുമ്പായി അജണ്ടകളിൽ നിലപാട് വ്യക്തമാക്കാൻ യു.ഡി.എഫ് സ്റ്റിയറിങ് കമ്മിറ്റിയും പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റിയും ചേരാറുണ്ട്. ഇവയിലേതെങ്കിലുമൊന്ന് ചേരാതെ ഭരണസമിതി യോഗം നടത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതിനാലാണ് ലീഗ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചത്. ഈ രീതിയിൽ മുന്നോട്ടുപോയാൽ തുടർന്നും സഹകരിക്കാൻ സാധിക്കില്ലെന്നും ഇവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മുസ്‌ലിം ലീഗിെൻറ പഞ്ചായത്ത് അംഗങ്ങളായ എം. സലീന, കെ.കെ. സാജിത, ടി. ഖദീജ, എം. ധന്യ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.