സംയുക്ത പൊതുസമ്മേളനം നടത്തും കൂട്ടായി: മേഖലയിൽ സംഘർഷങ്ങൾ ഒഴിവാക്കി, ശാശ്വത സമാധാനമുണ്ടാക്കുന്നതിന് വേണ്ടി കൂട്ടായിയിൽ സി.പി.എം-ലീഗ് നേതാക്കളു ടെ നേതൃത്വത്തിൽ സമാധാനയോഗം ചേർന്നു. എട്ടിന് രണ്ടുമണിക്ക് വീണ്ടും യോഗം ചേരും. അതിനുവേണ്ടി കുട്ടായി മേഖലയെ, ആശാൻ പടി, വടക്കെ കൂട്ടായി, അരയൻ കടപ്പുറം, തെക്കെ കൂട്ടായി, കൂട്ടായി ടൗൺ, പള്ളിവളപ്പ്, വാടിക്കൽ, മൂന്നങ്ങാടി, പണ്ടായി, പടിഞ്ഞാറക്കര എന്നിങ്ങനെ പത്ത് ഏരിയകളായി തിരിച്ചു. ഈ 10 ഏരിയകളിൽനിന്നും ഇരു പാർട്ടികളിൽനിന്നും അഞ്ചുവീതം പ്രതിനിധികളെ തെരഞ്ഞെടുത്ത് 100 പേരെ പങ്കെടുപ്പിച്ചാണ് എട്ടിന് യോഗം ചേരുക. ഇതിനുശേഷം സംയുക്ത പൊതുസമ്മേളനം നടത്താനും ധാരണയായി. അതോടൊപ്പം സോഷ്യൽ മീഡിയവഴി മോശമായ പ്രചാരണം നടത്തരുതെന്നും കുട്ടികൾ, സ്ത്രീകൾ എന്നിവരേയോ വീടോ ആക്രമിക്കരുതെന്നും പൊലീസ് സഹായത്തോടെ കൊടിതോരണങ്ങൾ കെട്ടുന്നത് നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എ.പി. അബൂബക്കർ കുട്ടി അധ്യക്ഷത വഹിച്ചു. സമാധാന കമ്മിറ്റി കൺവീനർ സി.പി. ഷുക്കൂർ സ്വാഗതം പറഞ്ഞു. സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത് ജില്ല കമ്മിറ്റി അംഗം കൂട്ടായി ബഷീർ, കെ.വി. പ്രസാദ്, കെ.വി.എം. ഹനീഫ, എ. പ്രേമാനന്ദൻ, ഇ. ജാഫർ, സി.പി. ഹംസക്കോയ, സി.പി. കാലിദ് കുട്ടി, ലീഗിനെ പ്രതിനിധാനം ചെയ്ത് സംസ്ഥാന കൗൺസിൽ അംഗം എം. അബ്ദുല്ല കുട്ടി, വെട്ടം ആലിക്കോയ, കെ.പി. ബാപ്പുട്ടി, എ.പി. ഉസ്മാൻ, എം. സുബൈർ, കെ.പി. ചെറിയക്കുട്ടി, സി.പി. ഗഫൂർ, പി.കെ. ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു. സമാധാന കമ്മിറ്റികൾ രൂപവത്കരിക്കും താനൂർ: തീരദേശ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ നിറമരതൂർ പഞ്ചായത്ത് ഓഫിസ് ഹാളിൽ സമാധാന കമ്മിറ്റി യോഗം ചേർന്നു. ഉണ്യാൽ മേഖലയെ ആറ് ഭാഗങ്ങളാക്കി തിരിച്ച് പ്രാദേശിക സമാധാന കമ്മിറ്റികൾ രൂപവത്കരിക്കും. എട്ടാം തീയതി വീണ്ടും വിപുലമായ യോഗം ചേരും. ഈ യോഗത്തിലേക്ക് ഇരു പാർട്ടികളിൽ നിന്നായി അഞ്ചുവീതം പ്രവർത്തകരെ പങ്കെടുപ്പിക്കും. അതത് സമാധാന കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുക്കും. പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾക്ക് അതത് പ്രദേശങ്ങളിൽ തെരഞ്ഞെടുത്ത പ്രതിനിധികൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. പരിക്കേറ്റ് കഴിയുന്നവരെയും അവരുടെ കുടുംബങ്ങളെയും മറ്റു പ്രവർത്തകരെയും നേരിട്ട് കണ്ട് സമാധാന സന്ദേശം കൈമാറാനുള്ള ശ്രമങ്ങളും നടത്തും. താനൂർ തീരദേശത്തെ ഇരു പാർട്ടികളിൽനിന്നും ഏഴുപേരെ വീതം പങ്കെടുപ്പിച്ച് പത്തിന് വൈകീട്ട് മൂന്നുമണിക്ക് താനൂർ നഗരസഭ ഓഫിസിൽ യോഗം ചേരും. പി.പി. സൈതലവി അധ്യക്ഷത വഹിച്ചു. എം. അബ്ദുല്ലക്കുട്ടി, ഇ. ജയൻ, വെട്ടം ആലിക്കോയ, കൂട്ടായി ബഷീർ, വി. അബ്ദുൽ റസാഖ്, എം.പി. അഷറഫ് എന്നിവർ സംസാരിച്ചു. കെ.പി. അലി കുട്ടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.