ജില്ലയിൽനിന്ന് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത ഏക നഗരസഭ പ്രധാനമന്ത്രിയുെട വിഡിയോ കോൺഫറൻസിൽ നഗരസഭയിലെ 15 സ്ത്രീകൾ സംബന്ധിക്കും കൊണ്ടോട്ടി: പ്രധാനമന്ത്രി ആവാസ് േയാജന ഭവന പദ്ധതിയിൽ (പി.എം.വൈ) നേട്ടവുമായി കൊണ്ടോട്ടി നഗരസഭ. ജില്ലയിൽനിന്ന് കൊണ്ടോട്ടി നഗരസഭയെ മാത്രമാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. മറ്റു നഗരസഭകളെ പിറകിലാക്കി പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടിയാണ് കേന്ദ്ര സർക്കാർ പട്ടികയിൽ ഉൾപ്പെട്ടുവെന്നതും നേട്ടമാണ്. പദ്ധതിയിൽ 65 വീടുകൾ പൂർത്തീകരിച്ച് താമസം ആരംഭിച്ച ജില്ലയിലെ ഏക നഗരസഭയായതുകൊണ്ടാണ് െകാണ്ടോട്ടിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഭവന പദ്ധതി തുടങ്ങി മൂന്ന് വർഷം പൂർത്തീകരിക്കുന്ന ജൂൺ അഞ്ചിന് നഗരസഭയിലെ 65ൽ 15 വനിത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലപ്പുറം കലക്ടറേറ്റിൽ വിഡിയോ കോൺഫറൻസിൽ സംസാരിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. നിലവിൽ പദ്ധതിയിൽ 412 വീടുകളുെട നിർമാണമാണ് നടക്കുന്നതെന്ന് ഭരണസമിതി അംഗമായ യു.കെ. മമ്മദീശ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരത്തിലധികം പേർക്കാണ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചത്. ഒന്നാംഘട്ട വിശദപദ്ധതി റിേപ്പാർട്ടിൽ (ഡി.പി.ആർ) 803 പേരാണ് ഉൾപ്പെട്ടത്. ഇവരിൽ ആദ്യഘട്ടത്തിൽ പ്രവൃത്തി പൂർത്തീകരിച്ചവരെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. രണ്ടാം ഡി.പി.ആറിൽ 222 പേരും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയിൽ 600 ചതുരശ്ര അടിയിൽ വീട് നിർമിക്കാൻ മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുക. ഒാരോ ലക്ഷം രൂപ വീതം കേന്ദ്ര, സംസ്ഥാന സർക്കാറുകളും 50,000 രൂപ നഗരസഭയും 50,000 രൂപ ഗുണഭോക്തൃ വിഹിതവുമായി അപേക്ഷകനും നൽകണം. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് പെർമിറ്റ് അനുവദിക്കാൻ ഏകദിന ക്യാമ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.