വഴി തുറന്നു; വടക്കുമ്പാടം ആദിവാസി കുട്ടികൾ അക്ഷരമുറ്റത്തേക്ക്​

വണ്ടൂർ: പുതിയ അധ്യയനവർഷത്തിൽ സ്‌കൂളിൽ പോവാൻ കഴിയുമെന്ന സന്തോഷത്തിലാണ് വണ്ടൂർ വടക്കുംപാടം ആദിവാസി കോളനിയിലെ കുരുന്നുകൾ. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാതെ പത്തോളം കുട്ടികൾ കോളനിയിൽ കഴിയുന്നത് കഴിഞ്ഞ വർഷം വാർത്തയായിരുന്നു. അധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ ഇടപെടലാണ് കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത്. കോളനിയിലെ എട്ട് കുട്ടികൾ വണ്ടൂർ കാപ്പിൽ സ്‌കൂളിൽ പ്രവേശനം നേടി. ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി കോളനിയിയാണ് വടക്കുമ്പാടത്തുള്ളത്. കോളനിയിൽനിന്ന് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ടാണ് പഠനവഴിയിൽ തടസ്സം നിന്നത്. നേരത്തേ രക്ഷിതാക്കളിൽ ചിലർ ഓട്ടോക്ക് പണം നൽകിയാണ് വിദ്യാര്‍ഥികളെ നിലമ്പൂരിലെ സ്‌കൂളുകളിലെത്തിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഒാേട്ടായിൽ സ്കൂളിൽ പോകുന്നത് നിർത്തി. പഞ്ചായത്ത് അധികൃതരുൾ‍പ്പെടെ നിരവധി പേർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സംഭവം വാർത്തയായതോടെ കെ.എസ്.ടി.എ നേതാക്കൾ കോളനിയിലെത്തി സഹായം വാഗ്ദാനം ചെയ്തു. ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രതിഭാകേന്ദ്രം സ്ഥാപിക്കുകയും അധ്യാപനത്തിനായി ഒരു സന്നദ്ധ പ്രവർത്തകയെ നിയോഗിക്കുകയും ചെയ്തു. ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾ പ്രതിഭാകേന്ദ്രത്തിലെത്തും. പഠന സൗകര്യങ്ങളും അധ്യാപകർ ഒരുക്കിക്കൊടുത്തു. ഇതിൽ എട്ടുപേർ ഈ അധ്യയനവർഷം മുതൽ കാപ്പിൽ എസ്.വി.എ.യു.പി സ്‌കൂളിൽ പ്രവേശനം നേടി. സ്‌കൂളിലേക്ക് അൽപം ദൂരമുണ്ടെങ്കിലും വാർത്തയറിഞ്ഞതോടെ സ്‌കൂൾ ബസ് സൗജന്യമായി കോളനിയിലേക്ക് എത്തിക്കാമെന്ന് അധികൃതരും അറിയിച്ചു. സുചിത്ര, അതുൽ, അനന്ദു എന്നിവർ അഞ്ചിലേക്കും സബ്ജിത്ത് നാലിലേക്കും ഷൈനി, അരവിന്ദ് എന്നിവർ രണ്ടിലേക്കും കൃഷ്ണ നന്ദൻ, മിഥുൻ എന്നിവർ ഒന്നിലേക്കുമാണ് പ്രവേശനം നേടിയത്. കഴിഞ്ഞദിവസം ബി.ആർ.സി അധികൃതരെത്തി പാഠപുസ്തകങ്ങളും നോട്ടപുസ്തകങ്ങളും കൈമാറി. പഞ്ചായത്ത് അംഗം കെ.ആർ. ഷീല, ബി.പി.ഒ ഷൈജി ടി. മാത്യു, ബി.ആർ.സി ട്രെയിനർ എം. മുജീബ് റഹ്‌മാൻ, കോഒാഡിനേറ്റർ കെ. ശ്രീജിത്ത്, പ്രതിഭ കേന്ദ്രം അധ്യാപിക കെ.പി. രജനി എന്നിവർ സംബന്ധിച്ചു. ബാഗും കുടയും വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടതോടെ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇവ എത്തിക്കാമെന്ന് ഉറപ്പ് നൽകിയാണ് ബി.ആർ.സി അധികൃതർ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.