കുഴൽമന്ദം: സഹകരണസംഘങ്ങൾ വഴി നെല്ലു സംഭരിക്കാനുള്ള നീക്കം അട്ടിമറിക്കാൻ ശ്രമം. സപ്ലൈകോയും കൃഷി വകുപ്പുമാണ് പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഈ രണ്ട് വകുപ്പുകളും സംയുക്തമായാണ് നെല്ല് സംഭരിക്കുന്നത്. സംഭരണത്തിൽ പ്രാഥമിക സംഘങ്ങളെ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പാണ് ഈ വകുപ്പുകൾ ഉന്നയിക്കുന്നത്. സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് വകുപ്പുകൾ എതിർപ്പുന്നയിക്കുന്നത്. നെല്ല് സംഭരണവും പണം വിതരണവും കൃത്യമായി നടക്കാത്തതിനെ തുടർന്ന് ഈ സീസൺ മുതൽ ജില്ലയിലെ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ആഗസ്റ്റ് ഒന്നു മുതൽ മറ്റ് ജില്ലകളിൽ ഒന്നാംവിള രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ സപ്ലൈകോ ആരംഭിക്കും. ഇതിനായി ജില്ലയിലെ 60 സംഘങ്ങൾ തയാറായി. ജില്ല സഹകരണ ബാങ്കിെൻറ കീഴിൽ ഈ സംഘങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൺസോർഷ്യം 200 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതിക്ക് മുന്നോടിയായി കലക്ടർ ചെയർമാനും സഹകരണസംഘം ജോയൻറ് രജിസ്ട്രാർ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ, ജില്ല സപ്ലൈ ഓഫിസർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവർ അംഗങ്ങളായ ജില്ലതല സമിതിയും സർക്കാർ രൂപവത്കരിച്ചു. ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആഗസ്റ്റ് വാരം മുതൽ ആരംഭിക്കും. എന്നാൽ, സപ്ലൈകോയുടെ നെല്ലുസംഭരണം ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ഇതിനാൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ കർഷകർ സ്വകാര്യ മില്ലുകൾക്ക് താങ്ങുവിലയെക്കാൾ കുറഞ്ഞ നിരക്കിൽ കൊടുക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ നെല്ലു സംഭരണം പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപിക്കാൻ തീരുമാനമാകുന്നത്. സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾ പാലക്കാടൻ നെല്ലിനാണ് പ്രാധാന്യം കൊടുക്കുന്നത്. ജില്ലയിലെ സംഘങ്ങൾ കാര്യക്ഷമമായി നെല്ല് സംഭരിച്ചാൽ സ്വകാര്യ മില്ലുടമകൾക്ക് കുറഞ്ഞ നിരക്കിൽ നെല്ല് ലഭിക്കാതെ വരും. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് നൽകുന്ന പണം അഡ്വാൻസ് എന്ന നിലയിലാണ് കണക്കാകുക. ഇതിന് സപ്ലൈകോ ഒമ്പത് ശതമാനം പലിശ ജില്ല ബാങ്കിന് നൽകും. കിലോക്ക് 25.30 രൂപക്കാണ് നെല്ല് സംഭരിക്കുക. -കെ. മുരളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.