പാലക്കാട്/നെന്മാറ: വൃഷ്ടി പ്രദേശങ്ങളിൽ മഴയും നീരൊഴുക്കും വർധിച്ചതിനാൽ മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടർ ഏതുസമയവും തുറക്കാൻ സാധ്യതയുണ്ടെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഡാമുകളിലേക്കുള്ള ശക്തമായ നീരൊഴുക്കുള്ളതിനാൽ ജലനിരപ്പ് ഉയരുകയാണ്. ഡാമുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ കൽപാത്തിപ്പുഴ, മുക്കപ്പുഴ, ഭാരതപ്പുഴ, അയിലൂർപുഴ, മംഗലംപുഴ, ഗായത്രിപ്പുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 115.06 മീറ്റർ പരമാവധി ജലനിരപ്പായ മലമ്പുഴ ഡാമിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് 114.64 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തി. ജലനിരപ്പ് 115 മീറ്റർ എത്തിയാൽ ഷട്ടറുകൾ തുറക്കും. കൽപാത്തി പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുക. 2014ലാണ് ഡാം അവസാനമായി തുറന്നത്. പോത്തുണ്ടി ഡാം വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പ് തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്ക് 53 അടിയിലെത്തി. രണ്ടാം ജാഗ്രത നിർദേശം നൽകി. ഏതുനിമിഷവും ഡാം ഷട്ടറുകൾ തുറന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം കനാലിനു ഇരുവശത്തുമുള്ളവർ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു. ഡാമിെൻറ പരമാവധി സംഭരണശേഷി 55 അടിയാണ്. രണ്ടു വർഷമായി മഴ കുറവായതിനാൽ കാലവർഷത്തിന് ഡാം ഷട്ടറുകൾ തുറന്നിരുന്നില്ല. പരമാവധി ജലനിരപ്പെത്തിയതിനാൽ മംഗലം ഡാം നേരത്തേ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.