കൊണ്ടോട്ടി: ഇടത്തരം-വലിയ വിമാനങ്ങളുടെ അനുമതി ലഭിക്കാനിരിക്കെ കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനലും യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നു. ഇത് യാഥാർഥ്യമാകുന്നതോടെ യാത്രക്കാർ പുറത്തിറങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിർമിച്ച ടെർമിനലാണ് അടുത്തയാഴ്ച ട്രയൽ പ്രവർത്തനം ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങാനും ഒൗദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനം. മിനുക്കുപണികൾ പൂർത്തിയാക്കി ജൂലൈ 31ഒാടെ വിമാനത്താവള അതോറിറ്റിക്ക് കൈമാറും. നിലവിെല ടെർമിനലിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ വിമാനങ്ങൾ ഒന്നിച്ചെത്തുമ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി 2009ൽ നിർമിക്കാനുദ്ദേശിച്ച ടെർമിനൽ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. നാലുതവണ ടെൻഡർ വിവിധ കമ്പനികൾ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. 17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലുള്ള ടെർമിനലിൽ 916 യാത്രക്കാരെയാണ് ഒരേസമയം ഉൾക്കൊള്ളാൻ കഴിയുക. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 പേരെ ഉൾക്കൊള്ളാനാകും. 44 ചെക്ക് ഇൻ കൗണ്ടർ, 48 എമിേഗ്രഷൻ കൗണ്ടർ, 20 കസ്റ്റംസ് കൗണ്ടർ, അഞ്ച് കൺവെയർ ബെൽറ്റുകൾ, അഞ്ച് എക്സ്റേ മെഷീനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ ടെർമിനലിൽ വി.െഎ.പി ലോഞ്ചും ഉൾപ്പെടുത്തി. കരിപ്പൂരിൽ ആദ്യമായാണ് വി.െഎ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെർമിനൽ പൂർണമായും ഇനി അന്താരാഷ്ട്ര പുറപ്പെടൽ കേന്ദ്രമായിരിക്കും. രണ്ടുകോടി രൂപ ചെലവിൽ ഇൗ ടെർമിനലിലെ ശുചിമുറികൾ നവീകരിക്കുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും. വിമാനത്താവള മുൻവശം സൗന്ദര്യവത്കരിക്കുന്ന നടപടിയും അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.