യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: വാഹനം മേലാറ്റൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

മങ്കട: വടക്കാങ്ങരയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കീഴാറ്റൂര്‍ പൂന്താനത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടത്. കെ.എല്‍.11 ബി.കെ. 7396 നമ്പര്‍ ഹ്യുണ്ടായ് ഐടണ്‍ കാര്‍ കസ്റ്റഡിയിലെടുത്തതായി മേലാറ്റൂര്‍ എസ്.ഐ പി.കെ. അജിത് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വടക്കാങ്ങരയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ വിവരത്തെ തുടര്‍ന്ന് വാഹനം പിടികൂടാൻ പൊലീസ് വയര്‍ലസ് സന്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വടക്കാങ്ങര പള്ളിപ്പടിയില്‍ വഴിയാത്രക്കാരനായ ഒരാളെ കാറില്‍ എത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോകുന്നത് നാട്ടുകാര്‍ കണ്ടത്. ഉടനെ നാട്ടുകാര്‍ വാഹന നമ്പര്‍ സഹിതം മങ്കട പൊലീസിലും മറ്റും വിവരങ്ങള്‍ നല്‍കിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഇതിനിടെ മഞ്ചേരിക്ക് സമീപം വാഹന പരിശോധനക്കിടെ ഈ വാഹനം ശ്രദ്ധയിൽപ്പെട്ടു. കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ആരും പരാതി നല്‍കിയിട്ടുമില്ല. കുഴൽപ്പണമിടപാടാണ് സംഭവത്തിന് പിന്നിലെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. സംഭവം ദുരൂഹമായി തുടരുന്നതിനിടെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.