കൊച്ചി: എട്ട് വയസ്സുകാരിയുടെ മുന്നിൽവെച്ച് മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയായ സിന്ധു ജയനെ (38) കൊലപ്പെടുത്തിയ പള്ളുരുത്തി കടേഭാഗം വിളങ്ങാട്ടുപറമ്പിൽ മധുവിനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ്(അഞ്ച്) കോടതി ശിക്ഷിച്ചത്. സിന്ധുവിനോടുള്ള മുൻവൈരാഗ്യത്താൽ കത്തിയുമായി വഴിയിൽ പതിയിരുന്ന പ്രതി പിന്നിലൂടെ വന്ന് കുത്തി വീഴ്ത്തുകയായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതിയുടെ നിർദേശമുണ്ട്. 2014 ഏപ്രിൽ 16 നാണ് കൊലപാതം. വൈകുന്നേരം 4.15 ന് സാധനങ്ങൾ വാങ്ങി മകളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിന്ധു. അയൽവാസിയും ഇലക്ട്രീഷ്യനുമായിരുന്ന പ്രതിക്ക് ജോലി ചെയ്ത പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. ആളൊഴിഞ്ഞ കടേഭാഗം -എസ്.പി പുരം കോളനി കോൺക്രീറ്റ് റോഡിൽെവച്ചാണ് സിന്ധു ആക്രമിക്കപ്പെട്ടത്. പിന്നിലൂടെ ഒളിച്ചെത്തിയ പ്രതി നെഞ്ചിലും കഴുത്തിലുമടക്കം കുത്തി വീഴ്ത്തുകയായിരുന്നു. മകളുടെ കരച്ചിൽകേട്ട് നാട്ടുകാർ എത്തിയപ്പോൾ മധു ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ സിന്ധു ഓട്ടോയിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. തൊട്ടടുത്ത ദിവസം പാലക്കാട് ആലത്തൂരിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി ഇൻസ്പെക്‌ടർ വി.കെ സജീവാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 44 സാക്ഷികളെ വിസ്തരിച്ചും 27 രേഖകൾ പരിശോധിച്ചുമാണ് പ്രോസിക്യൂഷൻ പ്രതിയുടെ കുറ്റകൃത്യം തെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.