പെയ്തൊഴിയാതെ മഴ; രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു

പാലക്കാട്: ജില്ലയിൽ കാലവർഷക്കെടുതി തുടരുന്നു. അപകട ഭീഷണിയെ തുടർന്ന് ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നെല്ലിയാമ്പതി, കടപ്പാറ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്. കാരപ്പാറ പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് നെല്ലിയാമ്പതിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ഹിൽടോപ് എന്ന സ്വകാര്യ ലോഡ്ജിലാണ് സൗകര്യമൊരുക്കിയത്. നെല്ലിയാമ്പതി ലേബർ ക്യാമ്പിലെ നൂറിലേറെ തൊഴിലാളികളെ ഇങ്ങോട്ട് മാറ്റി. മംഗലം ഡാമിനടുത്തുള്ള കടപ്പാറയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 18 കുടുംബങ്ങളെ കടപ്പാറ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. 15 കുട്ടികളടക്കം 57 പേരാണ് ക്യാമ്പിലുള്ളത്. കൽപ്പാത്തി പുഴയിലെ വെള്ളം കയറിയതിനെ തുടർന്ന് അകത്തേത്തറ വില്ലേജിലെ 15 കുടുംബങ്ങളിലെ 49 പേരെ ആണ്ടിമഠം പാഞ്ചാലിയമ്മൻ കോവിൽ കല്യാണമണ്ഡപത്തിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. മൂന്ന് ക്യാമ്പുകളിലും ഭക്ഷണവും വൈദ്യ സഹായവും ഉറപ്പുവരുത്തിയതായി കലക്ടർ ഡി. ബാലമുരളി അറിയിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ദുരിതബാധിത മേഖലയിലെ തഹസിൽദാൽമാർക്ക് 2.1 കോടി രൂപ അനുവദിച്ചതായും കലക്ടർ അറിയിച്ചു. മഴ ശക്തമായതിനെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. മഴ തുടർന്നാൽ വരുംദിവസങ്ങളിൽ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മലമ്പുഴ ഡാമിൽ ജലനിരപ്പ് 113 മീറ്ററിനടുത്തെത്തി. ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. 12.83 കോടിയുടെ കൃഷിനാശമാണ് മഴമൂലം സംഭവിച്ചത്. സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കാണാതായ ആലത്തൂർ സ്വദേശി ആഷിഖിനെ ഇനിയും കണ്ടെത്തിയില്ല. ജാഗ്രത പാലിക്കണം, ജലാശയങ്ങളിൽ ഇറങ്ങരുത് പാലക്കാട്: കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ല ഭരണകൂടവും ദുരന്തനിവാരണ വകുപ്പും ജനത്തിന് മുന്നറിയിപ്പ് നൽകി. *ഡാമുകളുടെ ഷട്ടർ തുറക്കാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണം. * പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അഗ്നിശമനസേന ജില്ലയിലെ 65 സ്ഥലങ്ങളിൽ സൂചനബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. *മരങ്ങൾ കടപുഴകാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്കു താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. *വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. *രാത്രിയിൽ മലയോര മേഖലകളിൽ യാത്ര ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.