ദേശീയപാത: ഭൂമിയേറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്

മലപ്പുറം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അവസാന ഘട്ടത്തിലേക്ക്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ അന്തിമ വിജ്ഞാപനം (മൂന്ന് ഡി വിജ്ഞാപനം) അടുത്ത ദിവസവും പൊന്നാനി താലൂക്കിലേത് ജൂലൈ അവസാനത്തോടെയും പുറത്തിറങ്ങും. ഇതിന് മുന്നോടിയായുള്ള കണക്കെടുപ്പുകളും അനുബന്ധ ജോലികളും അന്തിമഘട്ടത്തിലാണ്. തിരൂരങ്ങാടി താലൂക്കിലെ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. തിരൂർ താലൂക്കിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം കഴിഞ്ഞമാസം 26ന് പുറത്തിറക്കിയിരുന്നു. ഗസറ്റിൽ പരസ്യപ്പെടുത്തുന്ന നടപടിയാണ് ഇനിയുണ്ടാകുക. 1851 പേരുടെ ഭൂമിയാണ് തിരൂരിൽ ഏറ്റെടുക്കുന്നത്. അവധി ദിനങ്ങളിലും രാത്രിയും അധികജോലി ചെയ്താണ് ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണി​െൻറ നേതൃത്വത്തിലുള്ള സംഘം നടപടികൾ പൂർത്തിയാക്കുന്നത്. 74 കിലോമീറ്റർ ദൂരമാണ് ദേശീയപാതക്കായി ഏറ്റെടുക്കാനുള്ളത്. മൂന്ന് ഡി വിജ്ഞാപനമിറങ്ങിയതിനുശേഷം ഭൂവുടമകളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തും. ശേഷം നഷ്ടപരിഹാരം നിശ്ചയിക്കും. ജില്ല കലക്ടർ അമിത് മീണ, അസിസ്റ്റൻറ് കലക്ടർ വികൽപ് ഭരദ്വാജ് എന്നിവർ കോട്ടക്കലിലെ ദേശീയപാത ഓഫിസ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.