മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാതരോഗ വിഭാഗം (ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) കിടത്തിച്ചികിത്സക്ക് പിറകെ പരിശോധനയും ഭാഗികമായി നിർത്തുന്നു. മെഡിക്കൽ ബോർഡ് കൂടുന്ന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി നടത്തേണ്ടെന്നാണ് ആശുപത്രി സൂപ്രണ്ടിെൻറ നിർദേശം. മെഡിക്കൽ ബോർഡിന് സ്ഥലസൗകര്യം ഇല്ലെന്നാണ് കാരണം. തീരുമാനം രോഗികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. രണ്ട് സ്ഥിരം ഡോക്ടർമാരും ഒരു താൽക്കാലിക ഡോക്ടറും രണ്ട് ഫിസിയോതെറപ്പിസ്റ്റുകളും രണ്ട് താൽക്കാലികക്കാരുമുണ്ടിവിടെ. ജില്ല ആശുപത്രിയായത് മുതൽക്കേ ജനങ്ങൾ ആശ്രയിച്ചുവരുന്നതാണ് വാതരോഗ വിഭാഗം. സ്ഥലസൗകര്യവും വാർഡുമില്ലെന്നും ഉള്ളത് വിദ്യാർഥികൾക്ക് െലക്ചറിങ് ഹാളായി നൽകണമെന്നും പറഞ്ഞാണ് കൂടിയാലോചനയില്ലാതെ രണ്ടുവർഷം മുമ്പ് വാതരോഗികളെ മുഴുവൻ ഡിസ്ചാർജ് ചെയ്ത് വാർഡുകൾ ഒഴിവാക്കിയത്. ദിവസവും 150ഒാളം വാതരോഗികളാണ് ചികിത്സക്കെത്തുന്നത്. ഐ.പി അടച്ചതോടെ ഇവിടെയുള്ള ഡോക്ടർമാർക്ക് ജോലി പകുതിയായി കുറഞ്ഞു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി നിർത്തുക കൂടി ചെയ്യുന്നതോടെ ഈ വിഭാഗത്തിലെ ഡോക്ടർമാരുടെയും ഫിസിയോതെറപ്പിസ്റ്റുകളുടെയും മുഴുവൻ തസ്തികയും ആവശ്യമില്ലാതെ വരും. മെഡിക്കൽ കൗൺസിൽ നിബന്ധന പ്രകാരം മെഡിക്കൽ കോളജിൽ ഫിസിക്കൽ മെഡിസിൻ വേണ്ടെന്നാണ് മറ്റൊരു വിശദീകരണം. അതേസമയം, ഇപ്പോഴും മഞ്ചേരി ജനറൽ ആശുപത്രി സർക്കാർ കണക്കിൽ നിലവിലുണ്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വാതരോഗ വിഭാഗത്തിൽ ഫിസിക്കൽ മെഡിസിൻ ഉപകരണങ്ങൾ അനുവദിച്ചപ്പോൾ മഞ്ചേരി ജനറൽ ആശുപത്രിയിലേക്കെന്ന പേരിൽ പത്തുലക്ഷം രൂപ ഒരു മാസംമുമ്പാണ് അനുവദിച്ചത്. കിടപ്പിലായവരും തളർന്നവരുമായ രോഗികളാണ് ഫിസിക്കൽ മെഡിസിനിൽ ചികിത്സ തേടുന്നത്. ഇവർക്ക് ഡോക്ടർ നിർദേശിച്ചത് പ്രകാരം ഫിസിയോതെറപ്പി ചെയ്യണം. ആശുപത്രിയിൽ നിരവധി മുറികൾ വിശ്രമത്തിനും മറ്റുമായി അനുവദിച്ചിട്ടുണ്ട്. വല്ലപ്പോഴും ഉപയോഗിക്കുന്ന ഹാളുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.