പുളിക്കൽ: ചെറുകാവ് ഗ്രാമപഞ്ചായത്ത് നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ഐക്കരപ്പടിയിൽ നിരീക്ഷണ കാമറകളും മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നു. ഐക്കരപ്പടിയിലെ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, തോട് എന്നിവയുടെ പരിസരങ്ങളിലെ വിവിധ ഭാഗങ്ങളിലായാണ് ആദ്യഘട്ടമായി പത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ഇതിനുപുറമെ മിനി സ്റ്റേഡിയം പരിസരം, ഐക്കരപ്പടി-പുത്തൂപ്പാടം റോഡ് ജങ്ഷൻ, വെണ്ണായൂർ സ്കൂളിന് സമീപം എന്നിവിടങ്ങളിലായി നാലര ലക്ഷം രൂപ ചെലവിൽ മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ഇൗ പ്രദേശങ്ങളിൽ രാത്രിയിലും മറ്റും മാലിന്യങ്ങൾ തള്ളുന്നതായി പരാതിയുയർന്നിരുന്നു. കൂടാതെ, ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനും വിദ്യാർഥികളടക്കം മിനി സ്റ്റേഡിയ പരിസരം ഉപയോഗിക്കുന്നതായും പരാതികളുണ്ടായിരുന്നു. ഇവ തടയുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് കാമറകളും ലൈറ്റുകളും സ്ഥാപിക്കുക. ടെൻഡർ നടപടികൾ പൂർത്തിയായതായും ഉടൻ സ്ഥാപിക്കുമെന്നും ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷെജിനി ഉണ്ണി, ഐക്കരപ്പടി വാർഡ് അംഗം പി.വി.എ. ജലീൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.