കുറ്റിപ്പുറം: നിപ വൈറസ് ബാധയുണ്ടായ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ടൂറിസ്റ്റ് വാഹനങ്ങളുടെ നികുതി അടക്കാനുള്ള സമയം നീട്ടി. ജൂലൈ ഒന്നിന് അടക്കേണ്ട നികുതി ആഗസ്റ്റ് 14 വരെ പിഴ കൂടാതെ അടക്കാനുള്ള സമയമാണ് സർക്കാർ നീട്ടി നൽകിയത്. നിപ വൈറസ് ബാധ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നികുതിയടക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്നും ടൂറിസ്റ്റ് വെഹിക്കിൾ ഓണേഴ്സ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സർവിസ് നടത്തുന്ന ചെറുകിട വാഹന ഉടമകൾക്ക് ആശ്വാസമാകും. മോട്ടോർ വാഹന വകുപ്പ് വിഭാഗം ബി ജി.ഒ (പി) 22/2018 ട്രാൻ ഉത്തരവിലാണ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കൂടുമ്പോഴാണ് ടൂറിസ്റ്റ് വാഹനങ്ങളുടെ നികുതി അടക്കുക. 14 ദിവസം പിഴ കൂടാതെ നികുതി സ്വീകരിക്കുമെങ്കിലും പിന്നീടുള്ള ഓരോ ദിവസത്തിനും അധികതുക നൽകേണ്ടി വരും. രണ്ട് ജില്ലകളിലേയും മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഉത്തരവ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.